ജി.എസ്.ടി നടപ്പാക്കുമ്പോള്‍ ചെറുകിട വ്യവസായ സംരംഭങ്ങള്‍ക്ക് ഉണ്ടാകുന്ന നഷ്‌ടം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ഈടാക്കുന്ന ഒരു ശതമാനം നികുതി തിരികെ നല്‍കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടി സംസ്ഥാനത്തിന് ഗുണമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് കുടുംബശ്രീയുടെ സമ്പൂര്‍ണ ഹോം ഷോപ്പ് പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജി.എസ്.ടി നടപ്പാക്കുമ്പോള്‍ കുടുംബശ്രീ അടക്കമുള്ള ചെറുകിട സംരഭകര്‍ പ്രതിസന്ധി നേരിടേണ്ടി വരുമെന്ന് ധനകാര്യമന്ത്രി തോമസ് ഐസക് പറ‌ഞ്ഞു. 75 ലക്ഷം വരെ വിറ്റുവരവുള്ള ചെറുകിട സംരംഭകര്‍ രണ്ട് ശതമാനം നികുതി നല്‍കേണ്ടി വരും. ഈ സാഹചര്യത്തിലാണ് സംസ്ഥാന സര്‍ക്കാറിന് ലഭിക്കുന്ന നികുതി വിഹിതമായ ഒരു ശതമാനം തിരികെ നല്‍കുമെന്ന ഉറപ്പ് മന്ത്രി നല്‍കിയത്. ജി.എസ്.ടിക്ക് മുന്നോടിയായി ചില കമ്പനികള്‍ ഉല്‍പ്പന്നങ്ങളുടെ എം.ആര്‍.പി കൂട്ടിക്കാണിക്കുന്നുവെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്. ഇക്കാര്യം കേന്ദ്ര സര്‍ക്കാര്‍ ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനവും ഇത് സംബന്ധിച്ച പരിശോധനകള്‍ നടത്തും.