നവംബര്‍ ഒന്നു മുതല്‍ എട്ട് വരെയുള്ള ദിവസങ്ങളില്‍ ബാങ്കുകളില്‍ ലഭിച്ച ആകെ ലോണ്‍ അപേക്ഷകളുടെ പകുതി മാത്രമേ, എട്ടിന് നോട്ട് നിരോധനം പ്രാബല്യത്തില്‍ വന്നതിന് ശേഷമുള്ള 22 ദിവസങ്ങളില്‍ കിട്ടിയിട്ടുള്ളൂ. ക്രെഡിറ്റ് റേറ്റിങ് ഏജന്‍സിയായ സിബിലിന്റെ കണക്കുകള്‍ പ്രകാരം നവംബര്‍ ഒന്‍പത് മുതല്‍ 30 വരെ 23,660 ലോണ്‍ അപേക്ഷകള്‍ ബാങ്കുകളില്‍ ലഭിച്ചു. എന്നാല്‍ നവംബര്‍ ഒന്നു മുതല്‍ എട്ടുവരെയുള്ള ദിവസങ്ങളിലെ കണക്ക് മാത്രം നോക്കുമ്പോള്‍ ഇത് 46,784 ആണ്. എട്ടാം തീയ്യതി വരെയുള്ള ദിവസങ്ങളില്‍ ഭവന വായ്പ തേടി 8690 അപേക്ഷകള്‍ ലഭിച്ചപ്പോള്‍ ബാക്കി 22 ദിവസങ്ങളിലായി 4876 അപേക്ഷകള്‍ മാത്രമാണ് ലഭിച്ചത്.

എന്നാല്‍ സ്വകാര്യ ബാങ്കുകളെ നോട്ട് പിന്‍വലിക്കലിന്റെ ആഘാതം കാര്യമായി ബാധിച്ചിട്ടില്ലെന്ന വിവരവും റിപ്പോര്‍ട്ടിലുണ്ട്. അഞ്ച് ശതമാനത്തോളം മാത്രം ഇടിവേ വായ്പാ രംഗത്ത് സ്വകാര്യ ബാങ്കുകള്‍ക്ക് സംഭവിച്ചിട്ടുള്ളൂവെന്ന് കണക്കുകള്‍ പറയുന്നു. ഭവന വായ്പകളുടെ ആവശ്യത്തിലും നാല് ശതമാനം കുറവ് മാത്രമാണുണ്ടായത്.