ഓഹരി വിപണികളില്‍ നേട്ടത്തോടെയാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. സെന്‍സെക്സ് 190 പോയന്‍റും നിഫ്റ്റി 56 പോയന്‍റും ഇന്ന് ഒരുഘട്ടത്തില്‍ ഉയര്‍ന്നു. ഇന്‍ഫോസിസ് ഓഹരികളിലെ തിരിച്ച് വരാണ് ഓഹരി വിപണികളെ തുണച്ചത്. നന്ദന്‍ നിലേകാനി ചെയര്‍മാനായി തിരിച്ചെത്തിയത് ഇന്‍ഫോസിസ് നിക്ഷേപകരില്‍ പ്രതീക്ഷ ഉണര്‍ത്തിയിട്ടുണ്ട്. 

40 രൂപയോളം നേട്ടം ഇന്ന് ഇന്‍ഫോസിസ് ഓഹരികള്‍ കൈവരിച്ചു. ഐടി, ടെക്, നിര്‍മാണ സെക്ടറുകളില്‍ ഇന്ന് ഓഹരികളുടെ ശക്തമായ വില്‍പ്പന നടക്കുന്നുണ്ട്. ആഗോള വിപണികളിലെ നേട്ടവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നു. അമേരിക്കയില്‍ ട്രംപ് ഭരണകൂടം, വിപണി സൗഹൃദമായ നികുതി പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന സൂചനയാണ് രാജ്യാന്തര വിപണികളിലെ നേട്ടത്തിന് ആധാരം. ഇന്‍ഫോസിസിന് പുറമേ സണ്‍ ഫാര്‍മ, എന്‍.ടി.പി.സി എന്നിവയാണ് ഇന്ന് നേട്ടമുണ്ടാക്കിയവയില്‍ പ്രമുഖ ഓഹരികര്‍. അതേസമയം ഡോ.റെഡ്ഡീസ് ലാബ്സ്, ടി.സി.എസ്, ടാറ്റ മോട്ടോഴ്സ് എന്നിവ നഷ്ടം നേരിട്ടു. 

ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നേട്ടമുണ്ടാക്കി. 13 പൈസ നേട്ടത്തോടെ 63 രൂപ 90 പൈസയിലാണ് രൂപയുടെ വ്യാപാരം.