മുംബൈ: രാജ്യത്തെ ഓഹരി വിപണികളില്‍ ഇന്നും നഷ്‌ടം തുടരുന്നു. സെന്‍സെക്‌സ് 32,000ത്തിന് താഴെ എത്തി. 331 വ്യാജ കമ്പനികള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സെക്യൂരിറ്റീസ് ആന്റ് എക്സ്‍ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി), സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതാണ് നഷ്‌ടം ഉയര്‍ത്തുന്നത്. നോട്ട് നിരോധനത്തിന് പിന്നാലെ കള്ളപ്പണം തടയാനുള്ള മാര്‍ഗ്ഗമെന്ന നിലയിലാണ് കടലാസ് കമ്പനികളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നത്.

331ഉം കടലാസ് കമ്പനികളാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇവയ്‌ക്ക് ഓഹരി വിപണിയില്‍ വ്യാപാരം നടത്തുന്നതിന് ഒരു മാസത്തെ വിലക്കുണ്ട്. ഇതില്‍ ചില കമ്പനികളുടെ നിക്ഷേപം ഒരുവര്‍ഷത്തിനുള്ളില്‍ ഇരട്ടിയായിട്ടുണ്ട്. നോട്ട് അസാധുവാക്കലിന് ശേഷം ഈ കമ്പനികളില്‍ കള്ളപ്പണം എത്തിയെന്നാണ് സൂചന. പ്രകാശ് ഇന്‍ഡസ്ട്രീസ്, ജെ. കുമാര്‍ ഇന്‍ഫ്ര, ദ്വിതിയ ട്രേഡിങ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള പ്രമുഖ കമ്പനികള്‍. ആഗോള വിപണികളിലെ നഷ്‌ടവും ഇന്ത്യന്‍ വിപണിയില്‍ പ്രതിഫലിക്കുന്നുണ്ട്. സണ്‍ ഫാര്‍മ, ടാറ്റ മോട്ടോഴ്‌സ്, സിപ്ല എന്നിവയാണ് നഷ്‌ടപ്പട്ടികയില്‍ മുന്നില്‍. അതേസമയം എന്‍.ടി.പിസി, എസ്ബിഐ, റിലയന്‍സ് എന്നിവ നഷ്‌ടത്തിലാണ്. ഡോളറുമായുള്ള വിനിമയത്തില്‍ രൂപയും നഷ്‌ടം നേരിട്ടു. 14 പൈസയുടെ നഷ്‌ടത്തോടെ 63.76രൂപയിലാണ് ഡോളറിനെതിരെ ഇന്നത്തെ വ്യാപാരം പുരോഗമിക്കുന്നത്.