Asianet News MalayalamAsianet News Malayalam

സമരം ഒത്തുതീർന്നു; കേരള ഗ്രാമീണ ബാങ്ക് നാളെ മുതൽ തുറക്കും

ഡിസംബർ 17 മുതലാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്. ബാങ്കിൽ ഒഴിവുള്ള പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പണിമുടക്ക്. 

strike over kerala gramin bank will open tomorrow
Author
Thiruvananthapuram, First Published Dec 26, 2018, 5:44 PM IST

തിരുവനന്തപുരം: കേരള ഗ്രാമീൺ ബാങ്കിൽ നടന്നുവന്നിരുന്ന അനിശ്ചിതകാല പണിമുടക്ക് ഒത്തുതീർന്നു. ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്കിന്റെയും തൊഴിൽ വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണന്റെയും സാന്നിധ്യത്തിൽ ബാങ്ക് ചെയർമാനും യൂണിയൻ പ്രതിനിധികളുമായി രാവിലെ മുതൽ നടന്ന ചർച്ചയെ തുടർന്നാണ് തീരുമാനം ഉണ്ടായത്. ഡെപ്യൂട്ടി ലേബർ കമ്മീഷണർ മുരളീധരനും ചർച്ചയിൽ പങ്കെടുത്തു. 

ഡിസംബർ 17 മുതലാണ് സംസ്ഥാന വ്യാപകമായി സമരം ആരംഭിച്ചത്. ബാങ്കിൽ ഒഴിവുള്ള പ്യൂൺ തസ്തികയിലേക്ക് നിയമനം നടത്തണമെന്നും, ദിവസക്കൂലിക്കാരെ സ്ഥിരപ്പെടുത്തണമെന്ന ആവശ്യവും ഉന്നയിച്ചായിരുന്നു പണിമുടക്ക്. ഒത്തുതീർപ്പ് പ്രകാരം 2016 ൽ കണ്ടെത്തിയിരുന്ന 329 വേക്കൻസി പുനരവലോകനത്തിന് വിധേയമാക്കും. 3 മാസത്തിനകം ബാങ്ക് ഡയറക്ടർ ബോർഡിന്റെ അംഗീകാരം തേടി റിക്രൂട്ട്മെന്റ് നടപടിക്രമങ്ങൾ ആരംഭിക്കും. നിയമനങ്ങളുടെ രീതികളും മാർഗ്ഗരേഖകളൂം തയ്യാറാക്കുന്നതിനു മുൻപായി സംഘടനാ പ്രതിനിധികളുമായി ചർച്ച നടത്താനും തീരുമാനമായി.

ഗ്രാമീണ ബാങ്കിന്റെ 410 ശാഖകളിൽ പ്യൂൺ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. 633 ശാഖകളും 10 റിജീണൽ ഓഫീസുകളുമുള്ള ബാങ്കിൽ ഇപ്പോൾ കേവലം 257 സ്ഥിരം പ്യൂൺമാർ മാത്രമേ നിലവിലുള്ളു. 
നിലവിലെ ഒഴഉവുകള്‍ നികത്താനും തീരുമാനമായി. ഡിസംബർ 11 മുതൽ മലപ്പുറത്തെ ബാങ്ക് ഹെഡ്ഓഫീസിൽ നടന്നുവന്നിരുന്ന അനിശ്ചിത കാല നിരാഹാര സമരവും ഇന്ന് പിൻവലിച്ചു. 

കെ പ്രകാശൻ, കെ കെ രജിത മോൾ, കെ ജി മദനൻ, എൻ സനിൽ ബാബു എന്നിവരാണ് നിരാഹാര സമരത്തിലേർപ്പെട്ടിരുന്നത്. 10 ദിവസമായി ബാങ്കിൽ നടന്നുവന്നിരുന്ന പണിമുടക്കുമൂലം ബാങ്കിടപാടുകൾ സ്തംഭിച്ചിരുന്നു. സംസ്ഥാന സർക്കാർ കർശനമായി ഇടപെട്ടതിനെ തുടർന്നാണ് സമരം ഒത്തുതീർപ്പായത്. ധനകാര്യ മന്ത്രി തോമസ് ഐസക് പ്രത്യേകം മുൻകൈയെടുത്ത് ഞായറാഴ്ച തന്നെ ഒത്തുതീർപ്പു സംഭാഷണത്തിന് ശ്രമിച്ചെങ്കിലും ബാങ്ക് ചെയർമാൻ എത്താത്തതിനാൽ ചർച്ച നടന്നിരുന്നില്ല. 

പിന്നീട് ധനകാര്യ മന്ത്രിയുടെ ചേമ്പറിൽ ചേർന്ന നീണ്ട ചർച്ചക്കൊടുവിലാണ് സമരം ഒത്തുതീർപ്പായത്.  സമരത്തെ തുടർന്ന് പ്രതികാര നടപടികളുണ്ടാകില്ലെന്നും തീരുമാനമുണ്ട് .ചെയർമാൻ നാഗേഷ് ജി വൈദ്യ, ജനറൽ മാനേജർമാരായ ഗോവിന്ദ് ഹരി നാരായണൻ, എസ് പവിത്രൻ യൂണിയനുകൾക്ക് വേണ്ടി ബിഇഇഐ സംസ്ഥാന പ്രസിഡന്റ് ടി നരേന്ദ്രൻ, ജന സെക്രട്ടറി എസ് എസ് അനിൽ, എഐആര്‍ആര്‍ബിഇഎ അഖിലേന്ത്യാ പ്രസിഡന്റ് സി രാജീവൻ യൂണിയൻ നേതാക്കളായ പി ഗണേശൻ, കെ പ്രകാശൻ, ഗണേശൻ പുത്തലത്ത്, സി മിഥുൻ  ചര്‍ച്ചയില്‍ പങ്കെടുത്തു.

Follow Us:
Download App:
  • android
  • ios