കൊല്ലം: ജി.എസ്.ടി അടിസ്ഥാനമാക്കി ബില്ലിങ് സോഫ്റ്റ്‍വെയര്‍ പുതുക്കാത്തതിനാല്‍ സംസ്ഥാനത്തെ സപ്ലൈകോ കേന്ദ്രങ്ങളില്‍ അവശ്യ സാധനങ്ങളുടെ വിതരണം നിലച്ചു. കച്ചവടം മുടങ്ങിയതോടെ കഴിഞ്ഞ മൂന്നുദിവസം കൊണ്ട് നാലരക്കോടി രൂപയാണ് സപ്ലൈകോയുടെ നഷ്‌ടം.
സപ്ലൈകോ, മാവേലി സ്റ്റോര്‍, പീപ്പിള്‍സ് ബസാര്‍, ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ അങ്ങനെ സംസ്ഥാനത്ത് 1400 വിതരണ കേന്ദ്രങ്ങളാണുള്ളത്. എം.ആര്‍.പിയില്‍ നിന്നും നിശ്ചിത ശതമാനം വില കുറച്ചാണ് സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍ വില്‍പ്പന നടത്തിയിരുന്നത്. എന്നാല്‍ ജി.എസ്.ടിയില്‍ ഓരോ ഉല്‍പ്പന്നത്തിനും വെവ്വേറെ നികുതി ആയതോടെ നിലവിലെ സ്റ്റോക്കില്‍ പലതിനും എം.ആര്‍.പിയേക്കാള്‍ വില കൂടും. ചിലതിന് വില കുറയും. ഈ മാറ്റങ്ങളോടെ ബില്ലടിക്കാനുള്ള സോഫ്റ്റ്‍വെയര്‍ പക്ഷേ സപ്ലൈകോ ഇതുവരെ തയ്യാറാക്കിയില്ല. ഇത് കാരണം സംസ്ഥാനത്തെ സപ്ലൈകോ കേന്ദ്രങ്ങളിലെ കച്ചവടം സ്തംഭിച്ചിരിക്കുകയാണ്.
ശരാശരി ഒന്നര ലക്ഷം രൂപയാണ് സപ്ലൈകോ ഔട്ട്‍ലെറ്റുകളില്‍ നിന്നുള്ള പ്രതിദിന വിറ്റുവരവ്. കച്ചവടം നടക്കാതായതോടെ സവാള, പപ്പടം തുടങ്ങിയവ ചീഞ്ഞ് തുടങ്ങി. പരമാവധി മൂന്ന് ദിവസം കൊണ്ട് സോഫ്റ്റ്‍വെയര്‍ പരിഷ്കരിക്കുമെന്നാണ് സപ്ലൈകോ അധികൃതരുടെ മറുപടി.
