സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിച്ച് ഇടപാട് നടത്താന്‍ ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് സുപ്രീംകോടതി. നോട്ട് അസാധുവാക്കിയ ശേഷം സഹകരണ ബാങ്കുകളില്‍ നിക്ഷേപമായി എത്തിയ 8000 കോടിരൂപ റിസര്‍വ്വ് ബാങ്ക് സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. അതേസമയം ആ നിക്ഷേപത്തിനുള്ള പുതിയ കറന്‍സി ഇപ്പോള്‍ നല്‍കാനാകില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. 24,000 രൂപ നല്‍കാനാകില്ലെന്ന് പറയുമ്പോള്‍ തന്നെ ബാങ്കുകളില്‍ നിന്ന് ചിലര്‍ക്ക് മാത്രം എങ്ങനെയാണ് ലക്ഷക്കണക്കിന് രൂപയുടെ പുതിയ കറസി കിട്ടുന്നതെന്നും കോടതി ചോദിച്ചു. ഡിസംബര്‍ 31ന് ശേഷം എന്താകും സ്ഥിതിയെന്ന് കാത്തിരുന്ന കാണാമെന്നും കോടതി പറഞ്ഞു.
 
റിസര്‍വ്വ് ബാങ്ക് വിലക്കിനെ ന്യായീകരിച്ച് സഹകരണ ബാങ്കുകളില്‍ എത്തുന്ന നാഥനില്ലാത്ത കോടിക്കണക്കിന് രൂപ തീവ്രവാദ പ്രവര്‍ത്തിന് വരെ ഉപയോഗിക്കുന്നുണ്ടെന്നാണ് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ വാദിച്ചത്. അതേസമയം പണം കിട്ടാത്തതുകൊണ്ട് വിത്തുവാങ്ങാനും വളം വാങ്ങാനും സാധിക്കാതെ രാജ്യത്തെ ലക്ഷക്കണക്കിന് കര്‍ഷകര്‍ ബുദ്ധിമുട്ടുകയാണെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടത്തുന്ന സഹകരണ ബാങ്കുകള്‍ക്ക് ഇനി 14 ദിവസം കൂടി കാത്തിരിക്കുന്നതിന് എന്താണ് തടസ്സമെന്നായിരുന്നു അതിന് സുപ്രീംകോടതിയുടെ ചോദ്യം. സഹകരണ ബാങ്കുകള്‍ക്ക് പഴയ നോട്ടുകള്‍ സ്വീകരിച്ച് ഇടപാട് നടത്താന്‍ ഇപ്പോള്‍ അനുമതി നല്‍കാനാകില്ലെന്ന് വ്യക്തമാക്കി.

നോട്ട് അസാധുവാക്കിയ ശേഷം സഹകരണ ബാങ്കുകളില്‍ എത്തിയ 8000 കോടി രൂപയുടെ നിക്ഷേപം റിസര്‍വ്വ് ബാങ്ക് സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ അതിന് പകരം പുതിയ നോട്ടുകള്‍ എപ്പോള്‍ സഹകരണ ബാങ്കുകള്‍ക്ക് തിരിച്ചുനല്‍കാനാകുമെന്ന് പറയാനാകില്ലെന്നും കേന്ദ്രം വ്യക്തമാക്കി. നിക്ഷേപകര്‍ക്ക് 24,000 രൂപ നല്‍കാന്‍ കറന്‍സിയില്ലെന്ന് പറയുമ്പോഴും ബാങ്കുകളില്‍ നിന്ന് ചിലര്‍ക്ക് മാത്രം ലക്ഷക്കണക്കിന് രൂപയുടെ പുതിയ കറന്‍സി എങ്ങനെയാണ് കിട്ടുന്നതെന്ന് കോടതി അറ്റോര്‍ണി ജനറലിനോട് ചോദിച്ചു. എല്ലാ ബാങ്കിലും ഇരുന്ന് സര്‍ക്കാരിന് കാര്യങ്ങള്‍ നിയന്ത്രിക്കാനാകില്ലെന്ന് പറഞ്ഞ അറ്റോര്‍ണി ജനറല്‍ ചില ബാങ്കുകള്‍ പണം മറിച്ചുനല്‍കുന്നുണ്ടെന്ന് സമ്മതിച്ചു. സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ മെഡിക്കല്‍ സ്റ്റോറുകള്‍, റെയില്‍വെ സ്റ്റേഷനുകള്‍ തുടങ്ങിയ അവശ്യസേവനങ്ങള്‍ക്ക് പഴയ കറന്‍സി നാളെമുതല്‍ സ്വീകരിക്കാതെ വരുമ്പോള്‍ ജനങ്ങള്‍ക്ക് ഉണ്ടാകാവുന്ന ബുദ്ധിമുട്ടും കോടതി ചൂണ്ടിക്കാട്ടി. പുതിയ നോട്ടുകള്‍ ലഭ്യമാല്ലാത്ത സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ സ്വീകരിക്കേണ്ടതല്ലേ എന്ന് ചോദിച്ച കോടതി സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തി ആരും പണം വെളുപ്പിക്കാന്‍ ശ്രമിക്കില്ലല്ലോ എന്നും പറഞ്ഞു. പെട്രോള്‍ പമ്പുകളില്‍ അങ്ങനെ നടക്കുന്നുണ്ടെന്നായിരുന്നു അതിന് കേന്ദ്ര സര്‍ക്കാരിന്‍റെ മറുപടി. കേസില്‍ എന്തെങ്കിലും നിര്‍ദ്ദേശമോ, ഉത്തരവോ ഇന്ന് കോടതി പുറപ്പെടുവിച്ചില്ല.