ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെ അടിക്കടിയുണ്ടാകുന്ന അക്രമങ്ങള്‍ക്ക് പരിഹാരം തേടിയുള്ള ഹ‍‍ര്‍ജിയാണ് ഇന്ന് ഹൈക്കോടതിയില്‍ ജസ്റ്റിസ് ചിദംബരേഷിന്റെ ബെഞ്ചിലെത്തിയത്. ഇതിന്റെ വാദത്തിനിടെയാണ് ഓണ്‍ലൈന്‍ ടാക്‌സി സേവനം കേരളത്തിലെ മറ്റ് പട്ടണങ്ങളിലേക്ക് വ്യാപിപ്പിക്കാവുന്നതാണെന്ന് കോടതി പറഞ്ഞത്. ഇക്കാര്യത്തില്‍ നിലപാട് അറിയിച്ച് സര്‍ക്കാര്‍ അധിക സത്യവാങ്മൂലം നല്‍കണം. എന്നാല്‍ ഹര്‍ജിയില്‍ നേരിട്ട് ഹാജരാകാന്‍ ഡി.ജി.പി ലോക്നാഥ് ബെഹ്റയോട് കോടതി നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇതില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പി നല്‍കിയ ഹ‍ര്‍ജി കോടതി അംഗീകരിച്ചു. അതേസമയം കൊച്ചി നഗരത്തില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍കെതിരെ നടന്ന ആക്രമണങ്ങളുമായി ബന്ധപ്പെട്ട് 21 കേസുകളെടുത്തതായി ഡി.ജി.പി സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. റയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്റ് എന്നിവിടങ്ങളില്‍ ഓണ്‍ലൈന്‍ ടാക്‌സികള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തടയാന്‍ മതിയായ പൊലീസ് സന്നാഹം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ടാക്‌സികള്‍ അക്രമിക്കപ്പെട്ടാല്‍ കര്‍ശന നടപടിയെടുക്കുംമെന്നും ‍ഡി.ജി.പി അറിയിച്ചു.