ചരക്ക് സേവന നികുതിയില്‍ ആശങ്ക വേണ്ടെന്ന് കേന്ദ്ര നികുതി വകുപ്പ്. ജി.എസ്.ടി വന്നാലും എം.ആര്‍.പി നിരക്കില്‍ മാറ്റം വരില്ല. സംസ്ഥാനത്ത് രണ്ട് ലക്ഷത്തോളം വ്യാപാരികള്‍ ജി.എസ്.ടിയില്‍ അംഗമായി കഴിഞ്ഞെന്നും കേന്ദ്ര നികുതി വകുപ്പ് അധികൃതര്‍ കൊച്ചിയില്‍ അറിയിച്ചു.

രാജ്യം മുഴുവന്‍ ഒരൊറ്റ നികുതിയ്‌ക്ക് കീഴിലാവുന്ന ചരക്ക് സേവന നികുതിയിലേക്ക് മാറുന്നതില്‍ വ്യാപാരികള്‍ക്ക് ആശങ്ക വേണ്ടെന്നാണ് കേന്ദ്ര നികുതി വകുപ്പിന്റെ നിലപാട്. 81 ശതമാനം വസ്തുക്കളുടെയും നികുതി ജൂലൈ ഒന്ന് മുതല്‍ 18 ശതമാനത്തിന് താഴെയാണ്. അതുകൊണ്ട് തന്നെ എം.ആര്‍.പിയില്‍ കൂടുതല്‍ വിലയ്‌ക്ക് വസ്തുക്കള്‍ വില്‍ക്കേണ്ട സാഹചര്യമുണ്ടാകില്ല. ജി.എസ്.ടി രജിസ്‍ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത വ്യാപാരികളും ആശങ്കപ്പെടേണ്ടതില്ല. ജി.എസ്.ടി.എന്നില്‍ ലോഗിന്‍ ചെയ്യാനുള്ള ലോഗിന്‍ ഐ.ഡി ലഭിച്ചവര്‍ മൂന്ന് മാസത്തിനുള്ളില്‍ രജിസ്‍ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ മതി. ഇക്കാലയവിലെ വ്യാപാരത്തിനും ജി.എസ്.ടി ആനുകൂല്യം ലഭിക്കും. വാറ്റ് രജിസ്‌ട്രേഷന്‍ ഉണ്ടായിരുന്ന കേരളത്തിലെ എല്ലാ വ്യാപാരികള്‍ക്കും ജി.എസ്.ടിയില്‍ കച്ചവടം തുടരാനാകുമെന്നും കേന്ദ്ര നികുതി വകുപ്പ് അധികൃതര്‍ അറിയിച്ചു.

നികുതി ഘടന സമ്പൂര്‍ണമായി മാറുന്നതിനാല്‍ ചില സാങ്കേതിക പ്രശ്നങ്ങളും ആശയക്കുഴപ്പങ്ങളും ഉടലെടുക്കുന്നുണ്ട്. ഇക്കാര്യത്തിലടക്കം വ്യാപാരികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കൊച്ചിയില്‍ ഉപഭോക്തൃ സേവന കേന്ദ്രം തുറന്നു. സംശയ നിവാരണത്തിനായി 20 ജീവനക്കാര്‍ കൊച്ചിയിലെ കേന്ദ്ര നികുതി വകുപ്പിന്റെ ഓഫീസിലുണ്ടാകും.