തിരുവനന്തപുരം: സംസ്ഥാനത്തെ നികുതി വരുമാനം 25 ശതമാനം ആയി ഉയര്‍ത്താന്‍ ബജറ്റ് നിര്‍ദ്ദേശം. നികുതി പിരിവ് ഊര്‍ജിതമാക്കാന്‍ ഒമ്പത് ഇന കര്‍മ്മ പദ്ധതിയാണു ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ അവതരിപ്പിച്ചത്. ബസുമതി അരിക്കും വെളിച്ചെണ്ണക്കും ഗോതമ്പ് ഉത്പന്നങ്ങള്‍ക്കും തുണിത്തരങ്ങള്‍ക്കും വിലകൂടും. ഭൂമി കൈമാറ്റത്തിനും രജിസ്‌ട്രേഷനും അധിക നിരക്കുകളും ബജറ്റ് നിര്‍ദ്ദേശിക്കുന്നുണ്ട്.
10 മുതല്‍ 12 ശതമാനം മാത്രമായിരുന്ന നികുതി പിരിവ് 25 ശതമാനമാക്കും. അഴിമതി നിര്‍മാര്‍ജനവും സാങ്കേതിക നവീകരണവും റിക്കവറി നിയമ നടപടികളും അടക്കം ഒന്‍പതിന കര്‍മപദ്ധതിക്കാണു തോമസ് ഐസകിന്റെ നിര്‍ദ്ദേശം. അധിക വിഭവ സമാഹരണത്തിനുമുണ്ട് പദ്ധതികള്‍. യുഡിഎഫ് സര്‍ക്കാര്‍ എടുത്തു കളഞ്ഞു വിവാദമാക്കിയ ഗോതമ്പ് ഉത്പന്ന നികുതി തിരിച്ചെത്തി. ആട്ട മൈദ സൂജി റവ എന്നിവയ്ക്ക് ശതമാനം നികുതി . പ്രതീക്ഷിക്കുന്ന അധിക വരുമാനം 50 കോടി രൂപ.
പാക്കറ്റിലെത്തുന്ന ബസുമതി അരിക്ക് അഞ്ചു ശതമാനം നികുതി കൂട്ടി. അധിക വരുമാനം 10 കോടി രൂപ. വെളിച്ചണ്ണ വില കൂടും. അഞ്ച് ശതമാനം അധിക നികുതി വരുമാനത്തില്‍ നിന്നു നാളികേരത്തിന്റെ താങ്ങുവില 25 രൂപയില്‍ നിന്നും 27 രൂപയാക്കും. തുണിത്തരങ്ങള്‍ക്കു രണ്ട് ശതമാനവും അലക്ക് സോപ്പിന് അഞ്ച് ശതമാനവും നികുതി കൂടി.
ബര്‍ഗറും പിസ്സയുമടക്കം ജങ്ക് ഫുഡിനു 14 ശതമാനമാണ് നികുതി വര്‍ദ്ധന. പ്ലാസ്റ്റിക് ഡിസ്‌പോസിബിള്‍ ഗ്ലാസിനും പ്ലേറ്റിനും 20 ശതമാനമാണു നികുതി വര്‍ധന. ആഡംബര ഹോട്ടല്‍ റൂമുകള്‍ക്കു മാത്രമാണു ബജറ്റില്‍ നികുതി ഇളവ് നിര്‍ദേശിക്കുന്നത്. സ്വര്‍ണ വ്യാപാരികള്‍ കോംപൗണ്ടിങ് നികുതി അഗീകരിക്കണം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭാഗപത്രമിടപാടുകള്‍ക്കു മൂന്നു ശതമാനം മുദ്ര വില നല്‍കണം.
