പണം ബാങ്കിലിട്ട് പലിശ വാങ്ങുന്നവരുടെ നികുതി വെട്ടിപ്പ് പിടികൂടാന്‍ ആദായ നികുതി വകുപ്പ് നടപടികള്‍ കര്‍ശനമാക്കുന്നു. സ്ഥിര നിക്ഷേപങ്ങള്‍ക്ക് വലിയ പലിശ വാങ്ങുന്ന പലരും ഇതിന് ആദായ നികുതി അടയ്ക്കുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ബാങ്കുകളിലെ ഇത്തരം നിക്ഷേപങ്ങളില്‍ നിന്ന് ലഭിക്കുന്ന വരുമാനം പലരും ആദായ നികുതി ബാധകമായ വരുമാനങ്ങളുടെ കൂട്ടത്തില്‍ കൂട്ടാറില്ല.

മുതിര്‍ന്ന പൗരന്മാര്‍ അടക്കമുള്ള വ്യക്തികളുടെ ബാങ്ക് നിക്ഷേപങ്ങളും അതില്‍ നിന്നുള്ള വരുമാനവും പരിശോധിക്കാനാണ് കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്റെ തീരുമാനം. ആദ്യഘട്ടമായി പ്രതിവര്‍ഷം അഞ്ച് ലക്ഷത്തിലധികം രൂപ പലിശ വരുമാനം നേടുന്നവരും ആദായ നികുതി അടയ്ക്കുകയോ റിട്ടേണ്‍ ഫയല്‍ ചെയ്യുകയോ ചെയ്യാത്തവരുടെ വിവരങ്ങളായിരിക്കും പരിശോധിക്കുക. ബാങ്കുകള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ വെച്ചായിരിക്കും പരിശോധന. ദീര്‍ഘകാലവരുമാനം ലക്ഷ്യമിട്ട് ബാങ്കുകളില്‍ വന്‍ തുകകളുടെ സ്ഥിര നിക്ഷേപം നടത്തുന്നവരുടെ എണ്ണത്തില്‍ അടുത്തകാലത്ത് വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ടെന്ന് ആദായ നികുതി വകുപ്പ് വ്യക്തമാക്കുന്നു. ഇങ്ങനെ വലിയ വരുമാനം നേടുന്നവരില്‍ 10 ശതമാനത്തോളം പേര്‍ മാത്രമാണ് ആദായ നികുതി അടയ്ക്കുന്നതെന്നാണ് വിവരം.

വലിയ നികുതി വെട്ടിപ്പുകാരെ മാത്രമാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നാണ് പ്രത്യക്ഷ നികുതി ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. അധികം വരുമാനം ബാങ്ക് നിക്ഷേപം വഴി നേടാത്തവര്‍ക്ക് ഒരു തരത്തിലുമുള്ള പ്രയാസം ഉണ്ടാക്കില്ലെന്നും ഉന്നത് ഉദ്ദ്യോഗസ്ഥര്‍ പറയുന്നു. ബാങ്ക് വഴിയല്ലാതെ നേരിട്ട് പണം വാങ്ങുന്ന പ്രൊഫഷണലുകളും ആദായ നികുതി റിട്ടേണില്‍ വരുമാനം കുറച്ചുകാണിക്കുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. ഇവരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.