തിരുവനന്തപുരം: സംസ്ഥാനത്ത് ജിഎസ്‌ടി വഴിയുണ്ടായ വിലക്കയറ്റം നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെന്ന് ധനമന്ത്രി തോമസ് ഐസക്. ജിഎസ്‌ടിക്ക് മുന്‍പും ശേഷവുമുള്ള വില ശേഖരിക്കാന്‍ സ്‌ക്രീനിംഗ് കമ്മിറ്റി രൂപീകരിക്കും. 75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ അധിക നികുതി ഈടാക്കരുത്. എംആര്‍പിയില്‍ കൂടുതല്‍ തുക വാങ്ങാന്‍ ആര്‍ക്കും അധികാരമില്ലെന്നും ഇത് ഉദ്യോഗസ്ഥര്‍ ഉറപ്പ് വരുത്തണമെന്നും തോമസ് ഐസക് പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജിഎസ്‌ടി നടത്തിപ്പിന്റെ പേരില്‍ ഉണ്ടായ അനിയന്ത്രിത വിലക്കയറ്റമടക്കം ഏഷ്യാനെറ്റ് ന്യൂസ് റോവിംഗ് റിപ്പോര്‍ട്ടര്‍ ഉന്നയിച്ച വിഷയങ്ങള്‍ തന്നെയായിരുന്നു ഉദ്യോഗസ്ഥ ചര്‍ച്ചയിലെ പ്രധാന ചര്‍ച്ച. വിലക്കയറ്റം തടയാന്‍ സംസ്ഥാനത്തെ ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ക്കായില്ലെന്ന് ധനമന്ത്രി തോമസ് ഐസകിന്റെ പരസ്യ വിമര്‍ശനം. ജിഎസ്‌ടിക്ക് മുന്‍പും ശേഷവും ഉള്ള വിലവിവര പട്ടിക ശേഖരിക്കാനും ടെസ്റ്റ് പര്‍ച്ചേസ് നടത്തി വിലക്കയറ്റത്തിന്റെ ഉറവിടം കണ്ടെത്തി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും ധനമന്ത്രി നിര്‍ദ്ദേശം നല്‍കി.

75 ലക്ഷത്തില്‍ താഴെ വിറ്റുവരവുള്ള ഹോട്ടലുകള്‍ അധിക നികുതി വാങ്ങരുത്. ജിഎസ്‌ടി പ്രതീക്ഷിച്ച വരുമാനം സംസ്ഥാനത്തുണ്ടാക്കിയില്ല. ആദ്യ മാസം 500 കോടി രൂപയെങ്കിലും കുറവുണ്ട്. ജിഎസ്‌ടിയുടെ പ്രതികരണമറിയാന്‍ മൂന്ന് മാസമെങ്കിലുമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു.