സംസ്ഥാനത്ത് കടുത്ത സാമ്പത്തിക മാന്ദ്യമെന്ന് ധനമന്ത്രി. എന്നാല്‍ ശമ്പളം മുടങ്ങില്ലെന്നും ചെലവ് കുറഞ്ഞതിനാല്‍ ട്രഷറിയില്‍ പണമുണ്ടെന്നും തോമസ് ഐസക് പറഞ്ഞു. അതേസമയം ട്രഷറിയില്‍ പണമുണ്ടായിട്ടും സാമ്പത്തിക ഞെരുക്കം പറഞ്ഞ് ജനങ്ങളെ പറ്റിക്കുന്ന രാഷ്‌ട്രീയം ഐസക് അവസാനിപ്പിക്കണമെന്ന് കുമ്മനം രാജശേഖരന്‍ ആവശ്യപ്പെട്ടു.
നോട്ട് പിന്‍വലിക്കല്‍ മൂലം മുമ്പെങ്ങുമില്ലാത്ത സാമ്പത്തികമാന്ദ്യമാണ് അനുഭവപ്പെടുന്നത്. എന്നാല്‍ മാന്ദ്യം ട്രഷറികളില്‍ നിന്നുള്ള ചെലവുകളെയും ബാധിച്ചെന്ന കണക്കാണ് ധനമന്ത്രി നിരത്തുന്നത്. 500- 600 കോടി ശമ്പള- പെന്‍ഷ ഇനത്തില്‍ ഇനിയും പിന്‍വലിക്കാന്‍ ബാക്കിയുണ്ട്. ഒപ്പം 1400 കോടിരൂപ വായ്പ എടുക്കാനും തീരുമാനിചതോടെ ശമ്പളവും പെന്‍ഷനും മുടങ്ങില്ല. എന്നാല്‍ ആവശ്യത്തിന് നോട്ടില്ലാത്തത് വികസനപ്രവര്‍ത്തന്നങ്ങള്‍ക്ക് തടയിടുമെന്നും തോമസ് ഐസക് പറഞ്ഞു.
എന്നാല്‍ ഐസക് ഉന്നയിച്ച കണക്ക് ഉയര്‍ത്തിയാണ് ബിജെപിയുടെ വിമര്‍ശനം. ശമ്പള പെന്‍ഷന്‍ ഇനങ്ങളില്‍ 500- 600 കോടി രൂപ ഇനിയും ട്രഷറിയില്‍ നിന്ന് പിന്‍വലിക്കാന്‍ ഉണ്ടെന്ന് വിശദീകരണം ജനത്തെ കളിയാക്കുന്നതിന് തുല്യമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. പണമില്ലെന്ന് പറഞ്ഞ് കഴിഞ്ഞ മാസം മുഴുവന്‍ സാധാരണക്കാരെ മുള്‍മുനയില്‍ നിര്‍ത്തിയത് എന്തിനെന്ന് ഐസക് വിശദീകരിക്കണമെന്നാണ് കുമ്മനത്തിന്റെ ആവശ്യം.
