തിരുവനന്തപുരം: നിലവില്‍ സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഏക വഴിയാണ് ചരക്കു സേവന നികുതിയെന്ന് ധനമന്ത്രി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ജി.എസ്.ടി വരുന്നതോടെ നികുതി വരുമാനം 20 ശതമാനം ഉയരുമെന്നാണ് കണക്കാക്കുന്നതെന്ന് അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
രാഷ്‌ട്രീയമായി ചരുക്കു സേവന നികുതി സമ്പ്രദായത്തെ എതിര്‍ക്കുമ്പോഴും സംസ്ഥാനത്തിന്റെ സാമ്പത്തിക ഞെരുക്കം മറികടക്കാനുള്ള മാന്ത്രികവടിയായാണ് ജി.എസ്.ടിയെ ധനമന്ത്രി കാണുന്നത്. വര്‍ഷം തോറും പരമാവധി പത്തു ശതമാനം വളര്‍ച്ചയാണ് സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലുണ്ടാകുന്നത്. പക്ഷേ ചെലവിന്റെ വര്‍ധനയാകട്ടെ പതിനഞ്ച് ശതമാനവും. നിത്യനിദാന ചെലവിന് പോലും കടമെടുക്കേണ്ട സ്ഥിതിയാണിപ്പോള്‍. ഇതിനൊപ്പമാണ് റബര്‍ വിലയിടിവും ഗള്‍ഫ് വരുമാനത്തിലെ കുറവും. ഈ പ്രതിസന്ധി മറികടക്കാനുള്ള വഴി ജി.എസ്.ടി തുറന്നിടുമെന്നാണ് ധനമന്ത്രി പ്രതീക്ഷിക്കുന്നത്
ജി.എസ്.ടി വഴി വരുമാനം ഉയരുകയും ചെലവ് വന്‍തോതില്‍ കൂടാതിരിക്കുകയും ചെയ്താല്‍ കമ്മി അഞ്ചു വര്‍ഷം കൊണ്ട് നിയന്ത്രിക്കാമെന്നാണ് ധനമന്ത്രി കണക്കുകൂട്ടുന്നത്. സാമ്പത്തിക രംഗത്ത് സംസ്ഥാനത്തിന്റെ റേറ്റിങ് ഉയരും. ഇതോടെ കിഫ്ബിക്ക് എളുപ്പത്തില്‍ വായ്പ കിട്ടുമെന്ന് ധനമന്ത്രി പ്രതീക്ഷിക്കുന്നു.
