കോഴിക്കോട്; സര്‍ക്കാര്‍ കടുത്ത സാമ്പത്തിക പ്രതിന്ധിയിലാണെന്നും ബജറ്റില്‍ പദ്ധതികള്‍ പ്രഖ്യാപിക്കാന്‍ പണമില്ലാത്ത അവസ്ഥയുണ്ടെന്നും ധനമന്ത്രി തോമസ് ഐസക്. വലിയ പദ്ധതികള്‍ക്ക് പണമില്ലെന്നതാണ് പ്രധാനപ്രതിസന്ധി. ജിഎസ്ടിയില്‍ നിന്നും പ്രതീക്ഷിച്ച വരുമാനം കിട്ടിയില്ലെങ്കില്‍ ചെലവുകള്‍ നിയന്ത്രിക്കുക എന്നല്ലാതെ വേറെ മാര്‍ഗ്ഗമില്ല - മന്ത്രി വ്യക്തമാക്കി. 

ജിഎസ്ടി വഴി 20 ശതമാനം വരുമാനവര്‍ധന പ്രതീക്ഷിച്ച സ്ഥാനത്ത് പത്ത് ശതമാനം മാത്രമാണ് ഉണ്ടായത്. വരുമാനത്തിന് അനുസരിച്ച് മാത്രമേ ചിലവിടാന്‍ സാധിക്കൂവെന്നും തോമസ് ഐസക് പറഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ പദ്ധതി ചിലവ് 50 ശതമാനമായി ഉയര്‍ന്നത് ഭരണനേട്ടമായി സര്‍ക്കാര്‍ വിലയിരുത്തുമ്പോള്‍ ഇത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാക്കിയെന്ന അഭിപ്രായമാണ് ധനമന്ത്രിയ്ക്കുള്ളത്. 

ജിഎസ്ടിയില്‍ നിന്നും സ്ഥിരവരുമാനം ലഭിക്കാത്ത സാഹചര്യത്തില്‍ വാറ്റ് കുടിശ്ശിക പിരിച്ചെടുക്കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്. ഏതാണ്ട് 2000 കോടി രൂപയാണ് വാറ്റ് കുടിശ്ശികയായി സര്‍ക്കാരിന് കിട്ടാനുള്ളതെന്നാണ് കണക്ക്.