തിരുവനന്തപുരം: ചരക്ക് സേവന നികുതിയോട് എതിര്‍പ്പുണ്ടായിരുന്നെന്നും എന്നാല്‍ രാഷ്‌ട്രീയമായ ഭിന്നാഭിപ്രായം പറഞ്ഞ് ഇറങ്ങി പോകാന്‍ കഴിയില്ലായിരുന്നുവെന്നും ധനമന്ത്രി തോമസ് ഐസക്. ജി.എസ്.ടിയുടെ അനന്തര ഫലങ്ങള്‍ വിവരിച്ച് ഏഷ്യാനെറ്റ് ന്യൂസ് തയ്യാറാക്കിയ റോവിങ് റിപ്പോര്‍ട്ടര്‍ പരമ്പരയോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്. ജി.എസ്.ടി കൗണ്‍സിലില്‍ ചര്‍ച്ച ചെയ്ത് സംസ്ഥാനത്തിന് പരമാവധി ആനുകൂല്യങ്ങള്‍ നേടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
റോവിങ് റിപ്പോര്‍ട്ടര്‍ ഉയര്‍ത്തിയ വിഷയങ്ങള്‍ ജി.എസ്.ടി കൗണ്‍സിലില്‍ ഉന്നയിക്കുമെന്ന് ധനകാര്യ മന്ത്രി പറഞ്ഞു. മാലിന്യത്തിന് ചരക്ക് സേവന നികുതി ചുമത്തിയത് കേന്ദ്രത്തെക്കൊണ്ട് തിരുത്തിക്കും. ഹോട്ടല്‍ ഭക്ഷണത്തിന് അനധികൃത നികുതി ചുമത്തുന്നത് തടയും. പാഴ്‌സലിന് 18% നികുതി ചുമത്തുന്നത് തിരുത്തണമെന്ന് ആവശ്യപ്പെടും. കോഴിവില നിയന്ത്രിക്കാന്‍ നടപടിയുണ്ടാകും. സംസ്ഥാനത്ത് ബദല്‍ കോഴി ഉദ്പാദനം എന്ന വാഗ്ദാനം നടപ്പാക്കുമെന്നും കുടുംബശ്രീ യൂണിറ്റുകള്‍ക്ക് സബ്സിഡി നിരക്കില്‍ കോഴിക്കുഞ്ഞുങ്ങളെ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
ഉണക്കമീനിന് ചുമത്തിയ നികുതി കുറയ്‌ക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. പ്ലൈവുഡിന്റെ നികുതി 18 ശതമാനമാക്കി കുറയ്‌ക്കാന്‍ സമ്മര്‍ദ്ദം ചെലുത്തും. പരമാവധി വില്‍പ്പന വിലയേക്കാള്‍ കൂടുതല്‍ വലയ്ക്ക് ഒരു സാധനവും സംസ്ഥാനത്ത് വില്‍ക്കാന്‍ അനുവദിക്കില്ലെന്നും തോമസ് ഐസക് പറഞ്ഞു.
