പുറന്തള്ളുന്നത് ഒരു കിലോയില്‍ താഴെ സള്‍ഫര്‍ ഡൈ ഓക്സൈഡ്

ചെന്നൈ: തൂത്തുക്കുടി സ്റ്റെര്‍ലൈറ്റ് പ്ലാന്‍റ് അടച്ചു പൂട്ടിയത് മൂലം വേദാന്ത ഗ്രൂപ്പിന് മാസം 1,408 കോടി രൂപ നഷ്ടമായെന്ന് സിഇഒ പി രാമനാഥ് അറിയിച്ചു. തൂത്തുക്കുടിയില്‍ നടന്ന സ്റ്റെര്‍ലൈറ്റ് ചെമ്പ് ശൂദ്ധീകരണ ശാല അടച്ചു പൂട്ടണമെന്ന ആവശ്യത്തെ മുന്‍ നിറുത്തി നടന്ന സമരത്തില്‍ 13 പേരാണ് പോലീസിന്‍റെ വെടിയേറ്റ് കൊലപ്പെട്ടത്. ജനകീയ പ്രതിഷേധത്തിന് നേര്‍ക്ക് പോലീസ് നടത്തിയ വെടിവെപ്പിലായിരുന്നു 13 പേര്‍ മരിച്ചത്. 

ഇതെത്തുടര്‍ന്ന് പ്ലാന്‍റ് അടച്ചു പൂട്ടാന്‍ തമിഴ്നാട് സര്‍ക്കാര്‍ ഉത്തരവിടുകയായിരുന്നു. പ്ലാന്‍റ് അടച്ചു പൂട്ടിയതിനെ തുടര്‍ന്ന് 3500 പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതായി രാമനാഥ് പറഞ്ഞു. അവരുടെ കുടുംബങ്ങളുടെ വരുമാന മാര്‍ഗ്ഗവും അടഞ്ഞു. സ്റ്റെര്‍ലൈറ്റ് തൂത്തുക്കുടി യൂണിറ്റ് ഒരു കിലോയില്‍ താഴെ മാത്രമാണ് സള്‍ഫര്‍ ഡൈ ഓക്സൈഡ് പുറന്തെള്ളുന്നതെന്നും ഇത് തമിഴ്നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ചട്ടങ്ങള്‍ക്ക് എതിരല്ലെന്നും രാമനാഥ് അവകാശപ്പെട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നു. 

തൂത്തുക്കുടിയിലെ മറ്റ് കമ്പനികള്‍ തങ്ങളെക്കാള്‍ കൂടുതല്‍ സള്‍ഫര്‍ ഡൈ ഓക്സൈഡ് പുറന്തെള്ളുന്നുണ്ടെന്നും സ്റ്റെര്‍ലൈറ്റിന്‍റെ പ്ലാന്‍റില്‍ നിന്നും പുറന്തെള്ളുന്ന സള്‍ഫര്‍ ഡൈ ഓക്സൈഡിന്‍റെ അളവ് ഇതില്‍ ഒരു ശതമാനം മാത്രമാണെന്നും രാമനാഥ് മാധ്യമങ്ങളെ അറിയിച്ചു.