മന്ത്രി പീയുഷ് ഗോയൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് മാസ്സ് ആകുമോ എന്ന ആകാംക്ഷയിലാണ് പൊതുജനം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് മധ്യവർഗത്തെ ലക്ഷ്യമിട്ടാകുമെന്നത് ഉറപ്പാണ്.
ദില്ലി: വെള്ളിയാഴ്ച അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റിൽ ആദായ നികുതി പരിധി വര്‍ദ്ധിപ്പിക്കുന്നതടക്കം നിരവധി പുതിയ പ്രഖ്യാപനങ്ങള്‍ക്ക് സാധ്യത. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ എന്‍ഡിഎ സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ഇടക്കാല ബജറ്റ് നിരവധി നികുതി ഇളവുകളും നിര്‍ദ്ദേശിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് സാമ്പത്തിക മേഖല.
മന്ത്രി പീയുഷ് ഗോയൽ അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റ് മാസ്സ് ആകുമോ എന്ന ആകാംക്ഷയിലാണ് പൊതുജനം. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബജറ്റ് മധ്യവർഗത്തെ ലക്ഷ്യമിട്ടാകുമെന്നത് ഉറപ്പാണ്. നിലവിലെ 2.5 ലക്ഷം നികുതി ഇളവിനുള്ള വരുമാനപരിധി ഉയര്‍ത്താനാണ് സാധ്യത. രാജ്യത്തെ മധ്യ വര്‍ഗ്ഗം ദീര്‍ഘനാളായി മുന്നോട്ടുവെയ്ക്കുന്ന ഈ ആവശ്യം പരിഗണിക്കാന്‍ സര്‍ക്കാർ തയ്യാറായേക്കുമെന്നാണ് സൂചന. ജിഎസ്ടിയിലൂടെ നികുതി വരുമാനം വരും നാളുകളില്‍ വര്‍ദ്ധിക്കാൻ സാധ്യതയുള്ള സാഹചര്യത്തിൽ ആദായ നികുതിയിലൂടെ ലഭിക്കുന്ന വരുമാനത്തിന്‍റെ ഒരു ഭാഗം വേണ്ടെന്നുവെയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന് കഴിയാവുന്നതേയുള്ളൂ.
എണ്ണവില വീണ്ടും ഉയരുന്ന സാഹചര്യത്തില്‍ ഇറക്കുമതി തീരുവ കുറച്ച് ഇന്ധന വില കുറക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നും ബജറ്റിലൂടെ അറിയാം. മറ്റ് പ്രധാന ഉത്പന്നങ്ങളുടെ നികുതി നിശ്ചയിക്കുന്നത് ജിഎസ്ടി കൗണ്‍സിലായതിനാൽ ബജറ്റിലൂടെ മറ്റ് നികുതി നിര്‍ദ്ദേശങ്ങള്‍ക്ക് സാധ്യതയില്ല. എന്നാല്‍ ഉത്തരേന്ത്യയിൽ സര്‍ക്കാരിനെതിരെയുള്ള കര്‍ഷക രോഷം ശമിപ്പിക്കാൻ കാര്‍ഷിക മേഖലയില്‍ കൂടുതല്‍ പണം നീക്കി വെക്കുന്ന പ്രഖ്യാപനങ്ങല്‍ ബജറ്റില്‍ ഉണ്ടായേക്കും. കാര്‍ഷിക ഉത്പന്നങ്ങളുടെ മെച്ചപ്പെട്ട താങ്ങുവിലയും ബജറ്റില്‍ പ്രഖ്യാപിച്ചേക്കാം
