ടോക്കിയോ: ജപ്പാനിലെ പ്രമുഖ കാര്‍ നിര്‍മാതാക്കളായ ടോയൊട്ട മോട്ടോഴ്സ് 25000 ജീവനക്കാര്‍ക്കു വീട്ടിലിരുന്നു ജോലി ചെയ്യാനുള്ള (വര്‍ക്ക് ഫ്രം ഹോം) സൗകര്യമൊരുക്കുന്നു. ജീവനക്കാരുടെ ജോലിയും ദൈനംദിനജീവിതവും എളുപ്പമാക്കുന്നതിനു വേണ്ടിയാണു കമ്പനി പുതിയ പദ്ധതി ആവിഷ്കരിച്ചത്. ട്രേഡ് യൂണിയനുകളടക്കമുള്ളവരുമായി ആലോചിച്ചശേഷം ഓഗസ്റ്റോടെ ഇതു നടപ്പാക്കുകയാണു ലക്ഷ്യം.
ആകെ 72000ഓളം ജീവനക്കാരാണു ടൊയൊട്ടയിലുള്ളത്. മൂന്നിലൊന്നു ജീവനക്കാരുടെ ജോലിയാണു വീടുകളിലേക്കു മാറ്റുന്നത്. ഇതിനായി പ്രത്യേക ടെലി കമ്യൂണിക്കേഷന്‍ സംവിധാനം കമ്പനി ആവിഷകരിച്ചു നടപ്പാക്കും. അഞ്ചു വര്‍ഷത്തിലേറെയായി ടൊയൊട്ടയില്‍ ജോലി ചെയ്യുന്നവരുടേയും കമ്പനിയുടെ ഹെഡ്ക്വാര്‍ട്ടേഴ്സിലെ ഹ്യൂമന്‍ റിസോഴ്സസ്, അക്കൗണ്ട്സ്, സെയില്‍സ് വിഭാഗങ്ങളിലെ ജീവനക്കാരുടേയും റിസേര്‍ച്ച്, ഡെവലപ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകളിലുള്ളവരേയുമാണ് പദ്ധതിയിലേക്കു പരിഗണിക്കുന്നത്.
വീട്ടിലിരുന്നാണു ജോലിയെങ്കിലും ആഴ്ചയില്‍ രണ്ടു മണിക്കൂര്‍ ഓഫിസില്‍ ജോലി ചെയ്യണം. ജീവനക്കാരുടെ ശേഷി വര്‍ധിപ്പിക്കാനാകുമെന്നും, സ്ത്രീ ജീവനക്കാര്‍ക്ക് കുട്ടികളെ നോക്കുന്നതടക്കമുള്ള പ്രശ്നങ്ങള്‍ പൂര്‍ണമായി പരിഹരിക്കാന്‍ കഴിയുമെന്നും കമ്പനി പറയുന്നു.
കമ്പനിയില്‍നിന്ന് ആളുകള്‍ വിട്ടുപോകുന്നതു തടയുകയും ടൊയൊട്ടയുടെ ലക്ഷ്യമാണ്.
