ദില്ലി: ഇന്റര്‍ കണക്ഷന്‍ ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കിയതിന് ഐഡിയ സെല്ലുലാര്‍ കമ്പനി 2.97 കോടി രൂപ നശ്ടരിഹാരം നല്‍കണമെന്ന് ടെലികോം റെഗുലേറ്ററി അതോരിറ്റി (ട്രായ്) ഉത്തരവിട്ടു. ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ നെറ്റ് വര്‍ക്കുകളിലേക്ക് വിളിക്കാനാണ് ഇന്റര്‍കണക്ഷന്‍ ചാര്‍ജ്ജ് ഇനത്തില്‍ ഉപഭോക്താക്കളില്‍ നിന്ന് ഐഡിയ അധിക തുക വാങ്ങിയതായി കണ്ടെത്തിയത്.
2005 മേയ് മാസം മുതല്‍ 2007 ജനുവരിയുള്ള കാലയളവിലാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്. മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തമിഴ്നാട്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങിലാണ് അനധികൃതമായി പണം വാങ്ങിയത്. ഈ സംസ്ഥാനങ്ങള്‍ക്കകത്ത് നിന്നുള്ള കോളുകള്‍ ലോക്കല്‍ കോളുകളായി കണക്കാക്കുന്നതിന് പകരം അധികം പണം വാങ്ങിയെന്നാണ് തെളിഞ്ഞത്. പൊതുമേഖലാ ടെലികോം കമ്പനികളായ ബി.എസ്.എന്‍.എല്‍, എം.ടി.എന്‍.എല്‍ എന്നിവയിലേക്ക് വിളിക്കുമ്പോഴായിരുന്നു ഇത്തരത്തില്‍ അധിക ചാര്‍ജ്ജ് വാങ്ങിയത്. ഈ പണം ഉപഭോക്താക്കള്‍ക്ക് തന്നെ തിരികെ നല്‍കുന്നത് പ്രായോഗികമല്ലാത്തതിനാല്‍ ടെലികോം കണ്‍സ്യൂമര്‍ എജ്യൂക്കേഷന്‍ ആന്റ് പ്രൊട്ടക്ഷന്‍ ഫണ്ടിലേക്ക് നിക്ഷേപിക്കാനാണ് ട്രായുടെ ഉത്തരവ്.
