ടെലികോം സേവനദാതാക്കളുടെ ഓഫര്‍ യുദ്ധത്തിന് കടിഞ്ഞാണിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ. ഒരേ കാറ്റഗറിയില്‍പ്പെട്ട ഉപയോക്കാക്കള്‍ക്ക് വ്യത്യസ്ത താരിഫ് നിരക്കുകള്‍ ലഭ്യമാക്കരുതെന്ന് ട്രായ് ഉത്തരവിട്ടു. ഒരാഴ്ചക്കുള്ളില്‍ എല്ലാ പ്ലാനുകളും ട്രായിയെ അറിയിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.

റിലയന്‍സ് ജിയോയും എയര്‍ടെല്ലും തമ്മിലുള്ള തര്‍ക്കമാണ് കടുത്ത തീരുമാനത്തിലേക്ക് ട്രായിയെ എത്തിച്ചത്. 449 രൂപ, 293 രൂപാ നിരക്കുകളിലുള്ള എയര്‍ടെല്ലിന്റെ ഓഫറുകള്‍ ഉപയോക്താക്കളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നുമാണ് ജിയോ ട്രായിക്ക് മുന്നില്‍ വെച്ച നിര്‍ദ്ദേശം. 70 ദിവസത്തേക്ക് പ്രതിദിനം ഒരു ജി.ബി ഡേറ്റാ വീതം നല്‍കുന്നുവെന്നാണ് പരസ്യങ്ങളില്‍ നല്‍കുന്ന വാഗ്ദാനം. ഇത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ജിയോ പറയുന്നു. ഇതിന് പിന്നാലെ വിവേചനപരമായ താരിഫ് നിരക്കുകള്‍ നല്‍കരുതെന്ന് ടെലികോം സേവന ദാതാക്കള്‍ക്ക് ട്രായ് നിര്‍ദ്ദേശം നല്‍കി.

എന്നാല്‍ ജിയോയുടെ വാദം തള്ളിക്കൊണ്ട് എയര്‍ടെല്‍ വക്താവ് രംഗത്തെത്തി. ട്രായുടെ താരിഫ് ചട്ടങ്ങള്‍ അടിസ്ഥാനമാക്കിയാണ് എയര്‍ടെല്‍ പ്രവര്‍ത്തിക്കുന്നതെന്ന് വക്താവ് പറഞ്ഞു. കഴിഞ്ഞ സെപ്തംബറില്‍ ജിയോ സേവനം ആരംഭിച്ചതുമുതലാണ് ടെലികോം രംഗത്ത് മത്സരം ശക്തമാകുന്നത്. മൂന്ന് മാസം നീണ്ടു നിന്ന് പ്രൊമേഷണല്‍ ഓഫറുകള്‍ക്ക് പിന്നാലെ കമ്പനി അവതരിപ്പിച്ച അത്യാകര്‍ഷക ഓഫറുകള്‍ മറ്റ് ടെലികോം കമ്പനികള്‍ക്ക് വലിയ നഷ്ടം വരുത്തിവെച്ചിരുന്നു. ഇതിന് പിന്നാലെ അവരും ഓഫറുകള്‍ പ്രഖ്യാപിക്കാന്‍ തുടങ്ങിയതാണ് നിയമ യുദ്ധത്തിലേക്ക് എത്തിച്ചത്.