കഴിഞ്ഞ വര്‍ഷം ഓക്ടോബറിനെ അപേക്ഷിച്ച് ഈ വര്‍ഷം ഒക്ടോബറില്‍ 16.7 ആയിരുന്നു സംസ്ഥാനത്തിന്റെ നികുതി വരുമാനത്തിലെ വളര്‍ച്ച. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ ഇത് ഏറെ ആശ്വാസം പകരുന്ന കണക്കുമായിരുന്നു. നികുതി വളര്‍ച്ച 17 ശതമാനത്തില്‍ നിന്ന് ഉയര്‍ത്താനുള്ള തീവ്ര ശ്രമങ്ങള്‍ക്കിടെയാണ് കറന്‍സി പ്രതിസന്ധി ഉടലെടുത്തത്. കച്ചവടം കുറഞ്ഞതോടെ നികുതി വളര്‍ച്ച ഈ മാസം പത്തില്‍ താഴേക്ക് കൂപ്പുകുത്തുമെന്നാണ് കണക്കുകൂട്ടല്‍. കെ.എസ്.എഫ്.ഇയുടെ വരുമാനത്തില്‍ 93 ശതമാനം കുറവ് വന്നു. ചിട്ടികള്‍ പുനക്രമീകരിച്ചു.
ലോട്ടറി മേഖലയും പ്രതിസന്ധിയിലാണ്. രണ്ട് തവണയായി നാല് നറുക്കെടുപ്പുകള്‍ ഇതിനകം മാറ്റിവച്ചു. നാലെണ്ണമെങ്കിലും റദ്ദാക്കേണ്ടിവരുമെന്നും പറയുന്നു. 28 കോടിരൂപയുടെ പ്രതിദിന കളക്ഷനുള്ള ലോട്ടറി വില്‍പ്പന, കറന്‍സി ക്ഷാമം വന്നതോടെ എട്ട് കോടിയില്‍ താഴെയായി. വസ്തു കൈമാറ്റ രജിസ്‍ട്രേഷനുകളിലും വന്‍ കുറവാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായത്. ബാങ്ക് പലിശയിനത്തില്‍ കിട്ടുന്ന വരുമാനം കൊണ്ട് അത്യാവശ്യ തുക ട്രഷറിയില്‍ നിന്ന് ഇടപാടുകാര്‍ക്ക് നല്‍കുന്നുണ്ടെങ്കിലും ട്രഷറിയിലേക്കെത്തേണ്ട പണം സ്വീകരിക്കാന്‍ കഴിയാത്ത അവസ്ഥയാണ്. സമ്പദ്ഘടനയെത്തന്നെ തകിടം മറക്കുന്ന കടുത്ത തീരുമാനങ്ങള്‍ നടപ്പാക്കുമ്പോള്‍ സംസ്ഥാനങ്ങളോട് കൂടിയാലോചന ഉണ്ടായില്ലെന്നു ആക്ഷേപവും ശക്തമാണ്.
