തിരുവനന്തപുരം: സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കുന്ന പദ്ധതിക്ക് സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ച് ഉത്തരവിറങ്ങി. ഓണ്‍ലൈന്‍ ടാക്സി രംഗത്തെ അതികായന്മാരായ യൂബര്‍ ടെല്‍ ടാക്‌സി കമ്പനിയാണ് ഇത് സംബന്ധിച്ച പ്രോജക്ടിലേക്ക് സര്‍ക്കാറിന്‍റെ ശ്രദ്ധക്ഷണിച്ചത്. ഭിന്നലിംഗക്കാരുടെ ജീവിത രീതി മെച്ചപ്പെടുത്തുന്നതിനും സ്വയം തൊഴില്‍ ചെയ്ത് ജീവിതമാര്‍ഗ്ഗം കണ്ടെത്തുന്ന തോടൊപ്പം അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൈപിടിച്ചുയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്.
അമേരിക്കയില്‍ പിറവിയെടുത്ത യൂബറിന്‍റെ ടാക്സികള്‍ അവിടെ ലിംഗഭേദമില്ലാതെ ഒടിക്കുന്നവരുണ്ട്. ഇന്ത്യയിലും സാമൂഹിക ഭേദങ്ങള്‍ക്ക് അതീതമായി ഇത്തരം ഒരു സംസ്കാരം വളര്‍ത്തുന്നതിന് മുന്നോടിയാണ് ഇത്തരത്തില്‍ ഒരു പ്രോജക്ട് സര്‍ക്കാറിന് മുന്നില്‍ എത്തിച്ചത് എന്നാണ് യൂബര്‍ കേരള ജനറല്‍ മാനേജര്‍ നിതിന്‍ നായര്‍ പറയുന്നത്. യൂബറിന്‍റെ ഡ്രൈവിങ്ങ് പങ്കാളിയാക്കുവാന്‍ ട്രാന്‍സ്ജെന്‍റര്‍ കമ്യൂണിറ്റിയിലെ അംഗങ്ങളെ കണ്ടെത്തി തരുവാനുള്ള പ്രോജക്ടാണ് സാമൂഹ്യനീതി വകുപ്പിന് മുന്‍പാകെ സമര്‍പ്പിച്ചത്. ഇതിലെ ഏറ്റവും വലിയ വെല്ലുവിളി ഡ്രൈവിംഗ് ലൈസന്‍സോടെയുള്ള ട്രാന്‍സ്ജെന്‍റര്‍സിനെ കണ്ടെത്താന്‍ സാധിച്ചില്ല എന്നതായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് സര്‍ക്കാരിന്റെ ചരിത്രപരമായ തീരുമാനം. ഓരോ ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത അഞ്ച് ഭിന്നലിംഗക്കാര്‍ക്ക് ഡ്രൈവിംഗ് പരിശീലനം നല്‍കാനാണ് സാമൂഹ്യക്ഷേമ വകുപ്പ് നടപ്പാക്കുന്ന പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്. ഒരാള്‍ക്ക് 8,500 രൂപയാണ് ഇതിനായി കണക്കാക്കിയിരിക്കുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി 5,95,000 രൂപ അുവദിച്ച് കൊണ്ട് കഴിഞ്ഞ ദിവസം ഉത്തരവായി. ഇത്തരത്തില്‍ രാജ്യത്തിന് തന്നെ മാതൃകയായ ഒരു പ്രോജക്ടാണ് കേരള സര്‍ക്കാര്‍ നടിപ്പിലാക്കിയത് എന്ന് യൂബര്‍ കേരള ജനറല്‍ മാനേജര്‍ നിതിന്‍ നായര്‍ ഏഷ്യാനെറ്റ് ന്യൂസ്.ടിവിയോട് പറഞ്ഞു.
പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാരിന്റെ അംഗീകാരത്തിന് സമര്‍പ്പിച്ചതിന് ശേഷം ജില്ലാതല സെലക്ഷന്‍ കമ്മിറ്റി മുഖേന മാത്രമേ പദ്ധതിയുടെ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കാനാവൂ. ഇത്തരത്തില്‍ പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്വയംതൊഴില്‍ എടുക്കാനുള്ള സാഹചര്യം യൂബര്‍ ഡ്രൈവിങ്ങ് പങ്കാളിയാക്കുന്നതിലൂടെ സാധിക്കും. ഇവര്‍ക്ക് ആവശ്യമായി കാറുകള്‍ ലഭ്യമാക്കുന്നതിനും മറ്റും യൂബര്‍ സഹായിക്കുമെന്ന് യൂബര്‍ വൃത്തങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസ് ടിവിയോട് പറഞ്ഞു.
