ദില്ലി: 2019 മാര്‍ച്ച് മാസത്തോടെ രാജ്യത്തെ എല്ലാ വീടുകളിലും 24 മണിക്കൂറും മുടക്കം കൂടാതെ വൈദ്യുതിയെത്തിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചു. കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍.കെ.സിംഗാണ് ലോക്‌സഭയില്‍ ഇക്കാര്യം അറിയിച്ചത്.
ഇനിയും വൈദ്യുതി ലഭിക്കാത്ത 1694 ഗ്രാമങ്ങളാണ് രാജ്യത്തുള്ളത്. 2018 ഡിസംബറിനുള്ളില്‍ ഇവിടെയെല്ലാം വൈദ്യുതി എത്തിക്കുവാനുള്ള നടപടികള്‍ ഇതിനോടകം പുരോഗമിക്കുകയാണ്. 2019 മാര്‍ച്ചോടെ എല്ലാ വീടുകളിലും 24 മണിക്കൂറും തടസ്സമില്ലാതെ വൈദ്യുതി വിതരണം ചെയ്യാന്‍ സാധിക്കും. സാങ്കേതികതകരാര്‍ കൊണ്ടല്ലാതെ വൈദ്യുതിവിതരണം തടസ്സപ്പെടുകയാണെങ്കില്‍ വിതരണക്കാര്‍ പിഴ നല്‍കാന്‍ ബാധ്യസ്ഥരാവുന്ന നിയമം വൈകാതെ കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കുമെന്നും ആര്‍കെ സിംഗ് വ്യക്തമാക്കി.
പ്രസരണ-വിതരണ ശൃംഖലയിലുണ്ടാവുന്ന വൈദ്യുതി നഷ്ടം നിലവിലെ 21 ശതമാനത്തില്‍ നിന്നും 15 ആയി കുറയ്ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരിപ്പോള്‍. 2019 ജനുവരിയോടെ ഈ ലക്ഷ്യം നേടാനായി 1,75,000 കോടി മുതല്‍ മുടക്കി സര്‍ക്കാര്‍ ഊര്‍ജ്ജവിതരണരംഗത്തെ അടിസ്ഥാനസൗകര്യങ്ങള്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണ്.... മന്ത്രി പറഞ്ഞു.
