കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്ന വായ്പ പരിധി 10 ലക്ഷം കോടി രൂപയായിരുന്നെങ്കിലും ആകെ 11.68 ലക്ഷം കോടി രൂപ വിതരണം ചെയ്തു.

ദില്ലി: ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കുന്ന കേന്ദ്ര ബജറ്റില്‍ കര്‍ഷകര്‍ക്കായി സുപ്രധാന പ്രഖ്യാപനങ്ങളുണ്ടാകുമെന്ന് സൂചന. ബജറ്റില്‍ കാര്‍ഷിക വായ്പകള്‍ക്കുളള വിഹിതം പത്ത് ശതമാനം വര്‍ധിപ്പിച്ചേക്കുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. ഈ സാമ്പത്തിക വര്‍ഷം 11 ലക്ഷം കോടി രൂപയാണ് സര്‍ക്കാരിന്‍റെ കാര്‍ഷിക വായ്പ വിതരണ ലക്ഷ്യം. 

ഈ ബജറ്റില്‍ ഇത് 12 ലക്ഷം കോടി രൂപയിലേക്ക് ഉയര്‍ത്തിയേക്കും. മുന്‍ വര്‍ഷങ്ങളില്‍ ബജറ്റില്‍ നിശ്ചയിച്ച പരിധിയില്‍ കൂടുതല്‍ തുക കാര്‍ഷിക വായ്പയായി വിതരണം ചെയ്തിട്ടുണ്ട്. പുതിയ ബജറ്റില്‍ പത്ത് ശതമാനം പരിധി വര്‍ദ്ധിപ്പിച്ച് പരിധി 12 ലക്ഷം കോടിയാക്കിയാല്‍ അതില്‍ കൂടുതല്‍ തുക വായ്പയായി കര്‍ഷകര്‍ക്ക് ലഭ്യമാകുമെന്ന് ചുരുക്കം. 

കഴിഞ്ഞ സാമ്പത്തിക വര്‍ഷം വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്ന വായ്പ പരിധി 10 ലക്ഷം കോടി രൂപയായിരുന്നെങ്കിലും ആകെ 11.68 ലക്ഷം കോടി രൂപ വിതരണം ചെയ്തു. രാജ്യത്തെ അനധികൃത സ്രോതസുകളില്‍ നിന്നുളള വായ്പകള്‍ കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നതിന്‍റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഇത്തരമൊരു ആലോചനയെന്നാണ് ലഭിക്കുന്ന വിവരം.

വായ്പ പരിധി ഉയരുന്നതോടെ അംഗീകൃത സ്രോതസുകള്‍ക്ക് കര്‍ഷകര്‍ക്കായി കൂടുതല്‍ ഇളവുകളോടെ വായ്പ വിതരണം ചെയ്യാനാകും. കടക്കെണിയും വിലയിടിവും മൂലം രാജ്യത്തെ കര്‍ഷകര്‍ നിലവില്‍ വന്‍ പ്രതിനന്ധിയിലാണ്. വായ്പ പരിധി ഉയര്‍ത്തുന്നതിനൊപ്പം കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുന്നതടക്കമുളള മറ്റ് പദ്ധതികളും സര്‍ക്കാര്‍ പ്രഖ്യാപിച്ചേക്കുമെന്നാണ് വിലയിരുത്തല്‍.