ദില്ലി: ചരക്ക് സേവന നികുതിയില്‍ നിന്ന് എല്ലാ മാസവും ഒരു ലക്ഷം കോടി രൂപ വരുമാനമായിരുന്നു ജിഎസ്ടി കൗണ്‍സിലിന്‍റെ ലക്ഷ്യം. എന്നാല്‍, ഈ സാമ്പത്തിക വര്‍ഷത്തിലെ ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുളള കഴിഞ്ഞ ഒന്‍പത് മാസത്തിനിടയില്‍ രണ്ട് മാസങ്ങളില്‍ മാത്രമാണ് സര്‍ക്കാരിന് ഈ ലക്ഷ്യം നേടാനായത്. 

ഏപ്രിലില്‍ 1.03 ലക്ഷം കോടിയും സെപ്റ്റംബറില്‍ ഒരു ലക്ഷം കോടി രൂപയും. മറ്റ് മാസങ്ങളില്‍ ശരാശരി 95,000 കോടിയായിരുന്നു വരുമാനം. ഇതോടെ സാമ്പത്തിക വര്‍ഷം പൂര്‍ത്തിയാകാന്‍ മൂന്ന് മാസം ബാക്കി നില്‍ക്കേ വരുമാനത്തില്‍ വലിയ വ്യത്യാസം വരുമെന്നുറപ്പായി.

കേന്ദ്ര ബജറ്റിലൂടെ ഉല്‍പ്പന്നങ്ങളുടെ നികുതി വരുമാനത്തില്‍ വലിയ മാറ്റം വരുത്താതെ തന്നെ സംവിധാനത്തിന്‍റെ കാര്യക്ഷമത വര്‍ദ്ധിപ്പിച്ച് വരുമാനം ഉയര്‍ത്താനുളള പ്രഖ്യാപനങ്ങളുണ്ടാകുമെന്നാണ് ദേശീയ മാധ്യമ റിപ്പോര്‍ട്ടുകള്‍. നികുതി വെട്ടിപ്പ് തടയാനുളള നടപടികളുമായി മുന്നോട്ട് പോവുകയാണ് നിലവില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിനെ (സിബിഐസി). ഏപ്രില്‍ - ഒക്ടോബര്‍ കാലത്ത് 38,896 കോടി രൂപയുടെ ജിഎസ്ടി വെട്ടിപ്പാണ് കണ്ടെത്തിയിട്ടുളളത്.