പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തോടെ ചൊവ്വാഴ്ച തുടങ്ങും. ബുധനാഴ്ചയാണ് പൊതു ബജറ്റ്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ധനമന്ത്രി അരുണ്‍ ജെയ്റ്റിലും കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി.

നോട്ട് അസാധുവാക്കലിന് ശേഷമുള്ള ആദ്യബജറ്റെന്ന നിലയില്‍ ധനമന്ത്രി അരുണ്‍ ജെയറ്റിലിക്ക് മുന്നിലുള്ളത് വലിയ വെല്ലുവിളി.. രാജ്യത്തിന്റെ വളര്‍ച്ചാനിരക്ക് ഇടിയാതിരിക്കാനുള്ള നയങ്ങള്‍ ധനമന്ത്രിയില്‍ നിന്നുണ്ടാകും. ആദായനികുതിഘടനയില്‍ മാറ്റം വരുമെന്ന സൂചന ധനമന്ത്രി നല്‍കിക്കഴിഞ്ഞു. രണ്ടര ലക്ഷം രൂപയാണ് ഇപ്പോഴത്തെ പരിധി. ബാങ്കിംഗ് സംവിധാനം ഉടച്ച് വാര്‍ക്കുന്നതിനും ധനമന്ത്രി ശ്രമിച്ചേക്കും. മധ്യവര്‍ഗ്ഗത്തെയും കര്‍ഷകരെയും സഹായിക്കുന്ന നിര്‍ദ്ദേശങ്ങളും ബജറ്റില്‍ പ്രതീക്ഷിക്കുന്നുണ്ട്. റെയില്‍ബജറ്റ് ഇത്തവണ ഒഴിവാക്കിയതിനാല്‍ റെയില്‍വേ വികസനം യാത്രാനിരക്ക് എന്നിവ അരുണ്‍ ജെറ്റിലിയുടെ ബജറ്റില്‍ തന്നെ പരാമ‌ര്‍ശിക്കും. അഞ്ച് സംസ്ഥാനങ്ങളിലെ വോട്ടര്‍മാരെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന നിര്‍ദ്ദേശമുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കാം.തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ബജറ്റ് മാറ്റിവയ്‌ക്കണമെന്നവാശ്യപ്പെട്ടിരുന്ന പ്രതിപക്ഷം എന്നാല്‍ ഒന്നാം തീയതി പാര്‍ലമെന്റില്‍ എന്ത് നിലപാട് സ്വീകരിക്കുമെന്ന് ഇതുവരെയും വെളിപ്പെടുത്തിയിട്ടില്ല. ചൊവ്വാഴ്ച രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗത്തിനിടയിലും പ്രതിപക്ഷപ്രതിഷേധം ഉണ്ടാകാന്‍ സാധ്യതയുണ്ട്.