നോട്ട് അസാധുവാക്കലിന് ശേഷം നടക്കുന്ന ആദ്യബജറ്റെന്ന നിലയില്‍ എന്തായിരിക്കും ധനമന്ത്രിയുടെ പെട്ടിയിലുള്ളതെന്നറിയാണ് രാജ്യം കാത്തിരിക്കുന്നത്. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപനത്തിന് ശേഷം സാമ്പത്തിക അവലോകന റിപ്പോര്‍ട്ടും ഇന്ന് പുറത്തിറക്കും. രാജ്യത്തിന്റെ വളര്‍ച്ചാ നിരക്ക് പെരുപ്പിച്ച് കാണിക്കാനുള്ള സാധ്യതയുണ്ടെന്ന സൂചനയുമായി പ്രതിപക്ഷം രംഗത്തെത്തിക്കഴിഞ്ഞു. രാജ്യം കടുത്ത പ്രതിസന്ധി നേരിടുന്നതിനിടയിലും സാമ്പത്തിക അവലോകന റിപ്പോര്‍ട്ടില്‍ വളര്‍ച്ചാ നിരക്ക് പെരുപ്പിച്ച കാണിച്ചാല്‍ ജനം മറുപടി നല്‍കുമെന്ന് മുന്‍ ധനകാര്യ മന്ത്രി പി ചിദംബരം പറഞ്ഞു.
എല്ലാ വിഷയവും ചര്‍ച്ച ചെയ്യാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലത്തെ സര്‍വ്വകക്ഷിയോഗത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ നോട്ട് അസാധു ഉള്‍പ്പടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന നിലപാടിലാണ് പ്രതിപക്ഷം. തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുന്ന പ്രഖ്യാപനങ്ങളുണ്ടായാല്‍ എതിര്‍ക്കുമെന്ന പ്രതിപക്ഷ പ്രഖ്യാപനം ബജറ്റ് സമ്മേളനവും ശീതകാല സമ്മേളനത്തിന് തുടര്‍ച്ചയാകുമെന്ന സൂചന നല്‍കുന്നു. എട്ട് ദിവസമാണ് ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം സഭ സമ്മേളിക്കുന്നത്.
