ബജറ്റ് മുന്നില്‍കണ്ട് രാജ്യത്ത് പലയിടത്തും ഇപ്പോള്‍ തന്നെ ചില്ലറ വ്യാപാരികള്‍ വിലകൂട്ടിയിട്ടുണ്ട്. ആരോഗ്യപ്രശ്നങ്ങളും പരമാവധി വില്‍പ്പന കുറയ്ക്കാനുള്ള സര്‍ക്കാറുകളുടെ വിവിധ പദ്ധതികളും അല്ലെങ്കില്‍ തന്നെ പുകയില കമ്പനികള്‍ക്ക് കടുത്ത തിരിച്ചടി നല്‍കുന്നുണ്ട്. തങ്ങളുടെ അവസ്ഥ കൂടി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ടെന്ന് രാജ്യത്തെ പുകയില കര്‍ഷകരുടെ സംഘടനാ പ്രതിനിധികള്‍ പറയുന്നു. 2012-13 വര്‍ഷത്തെ അപേക്ഷിച്ച് 118 ശതമാനം വില വര്‍ദ്ധനവാണ് ഈ രംഗത്ത് ഉണ്ടായത്. വില്‍പ്പനയും കയറ്റുമതിയും കുറഞ്ഞതോടെ കര്‍ഷകര്‍ക്ക് 22 ശതമാനത്തോളം നഷ്ടമുണ്ടാകുന്നുവെന്നും കര്‍ഷകര്‍ പറയുന്നു.

2014-15 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്ത് സിഗിരറ്റ് വില്‍പ്പന എട്ട് ശതമാനം കുറഞ്ഞിരുന്നു. തുടര്‍ച്ചയായ നാല് വര്‍ഷങ്ങളിലും സിഗിരറ്റ് വ്യാപാര മേഖലയില്‍ സമാന സ്ഥിതി തന്നെയാണ്. വില്‍പ്പന നഷ്ടം കണക്കിലെടുക്കുമ്പോള്‍ 67,000 കോടിയോളം വരും. രാജ്യത്തെ പ്രമുഖ സിഗിരറ്റ് നിര്‍മ്മാണ കമ്പനിയായ ഐ.ടി.സി പോലുള്ളവ മറ്റ് രംഗങ്ങളിലേക്ക് കൂടുമാറിയതും ഇക്കാരണത്താല്‍ തന്നെ. കഴിഞ്ഞ അഞ്ച് ബജറ്റുകളിലായി സിഗിരറ്റിന്റെ എക്സൈസ് ഡ്യൂട്ടിയില്‍ 10 മുതല്‍ 15 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിട്ടുള്ളത്.