നോട്ട് നിരോധനം മൂലം തകര്‍ന്ന സാമ്പത്തിക നില ഭദ്രമാക്കി മുന്നോട്ട് പോകാനുള്ള നയസമീപനങ്ങളിലാണ് കേരളത്തിന്റെ പ്രതീക്ഷ. നിലവില്‍ കടമെടുപ്പ് പരിധി ഒരു ശതമാനമെങ്കിലും കൂട്ടി നല്‍കണമെന്നാണ് പ്രധാന ആവശ്യം. 10,000 കോടി രൂപയെങ്കിലും അധികം കിട്ടണം. സാമ്പ്രദായിക രീതികള്‍ക്കപ്പുറത്ത് പൊതു നിക്ഷേപ പദ്ധതികള്‍ പ്രോത്സാഹിപ്പിച്ചാലേ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകയറാനാകൂ.
തൊഴിലുറപ്പ് പദ്ധതി 100 ദിവസമെങ്കിലും ഉറപ്പാക്കണം. തകര്‍ച്ച നേരിടുന്ന തോട്ടം മേഖലക്ക് ഉണര്‍വേകാന്‍ 4000 മുതല്‍ 5000 കോടി രൂപയുടെ നിക്ഷേപമെങ്കിലും വേണമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍. വരള്‍ച്ചാ ദുരിതാശ്വാസവും ഭക്ഷ്യധാന്യ വിഹിതത്തില്‍ വര്‍ദ്ധനയും വേണം. ഫാക്ട് അടക്കം പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കുള്ള പ്രത്യേക പരിഗണനയും പ്രതീക്ഷയാണ്. ജി.എസ്.ടി നികുതി നിരക്കുകള്‍ നിര്‍ണ്ണയിക്കുന്നതിന് പുറമെ സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നല്‍കുന്ന പ്രത്യേക അധികാരം സംബന്ധിച്ച് വ്യക്തതയും സംസ്ഥാനം ആവശ്യപ്പെടുന്നുണ്ട്. പ്രഖ്യാപിച്ച 14 ശതമാനം വളര്‍ച്ചാ നിരക്ക് നേടാനായില്ലെങ്കില്‍ കുറവ് കേന്ദ്രസര്‍ക്കാര്‍ വഹിക്കണമെന്ന നിര്‍ദ്ദേശത്തില്‍ കേരളം ഉറച്ച് നില്‍ക്കുകയാണ്. പൊതു ബജറ്റിന് ഒപ്പമാണ് റെയില്‍വെ ബജറ്റും. റെയില്‍വേയുടെ അടിസ്ഥാന സൗകര്യ വികസനത്തിന് സംയുക്ത കമ്പനി രൂപീകരിച്ച് കഴിഞ്ഞു. സബര്‍ബന്‍ ട്രെയിനും ശബരിപാതയും തുടങ്ങി കഞ്ചിക്കോട് കോച്ച് ഫാക്ടറിയും നേമം യാര്‍ഡും അടക്കം മുന്‍ഗണനാ പട്ടികയും കേരളം നല്‍കിയിട്ടുണ്ട്.
