നോട്ട് അസാധുവാക്കലിലൂടെ രാജ്യത്തെ സാമ്പത്തിക രംഗത്തുണ്ടായ മുറിവുണക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ജനക്ഷേമ പദ്ധതികളിലൊന്ന് ആദായ നികുതി പരിധി ഉയര്‍ത്തലാകും എന്നാണ് പരക്കെയുള്ള വിശ്വാസം. നിലവില്‍ രണ്ടര ലക്ഷം രൂപയാണ് ആദായ നികുതി പരിധി. മധ്യവര്‍ഗ്ഗത്തെ സന്തോഷിപ്പിക്കാന്‍ ജെയ്റ്റ്‍ലി മുതിരുകയാണെങ്കില്‍ ഇത് നാല് ലക്ഷം രൂപ വരെയായി ഉയര്‍ത്താം. മൂന്ന് ലക്ഷമെങ്കിലും ആക്കുമെന്ന് സാമ്പത്തിക വിദഗ്ധര്‍ കണക്ക് കൂട്ടുന്നു. ആനുപാതികമായി 60 വയസ്സ് തികഞ്ഞ മുതിര്‍ന്ന പൗരന്മാരുടെ ആദായ നികുതി പരിധി മൂന്നര ലക്ഷമായും കൂട്ടിയേക്കും.

രണ്ടര ലക്ഷത്തിന് ശേഷം വകുപ്പ് 80 സി അനുസരിച്ച് ഉപാധികളോടെ നികുതി ഒഴിവാക്കാവുന്ന തുകയുടെ പരിധി ഒന്നര ലക്ഷമാണ്. ഇത് രണ്ട് ലക്ഷം രൂപയാക്കിയേക്കും. നികുതിയില്ലാതെയുള്ള ഭവന വായ്പ പലിശയടവ് രണ്ട് ലക്ഷത്തില്‍ നിന്ന് മൂന്നാക്കി ഉയര്‍ത്താനും സാധ്യതയുണ്ട്. രാജ്യത്ത് 75 ലക്ഷം പേരാണ് ഭവന വായ്പ എടുത്തിരിക്കുന്നത്. ബാങ്കുകളില്‍ കൂടുതല്‍ പണം എത്തുകയും ഡിജിറ്റല്‍ പണമിടപാട് വര്‍ദ്ധിക്കുകയും ചെയ്ത സാഹചര്യത്തില്‍ കൂടുതല്‍ പേരെ നികുതിദായകരാക്കാന്‍ ആദായ നികുതി പരിധി ഉയര്‍ത്തുമെന്ന് തന്നെയാണ് വിദഗ്ധാഭിപ്രായം.