ദില്ലി: പേടിഎമ്മിനും എയര്‍ടെല്ലിനും പിന്നാലെ തപാല്‍ വകുപ്പിനും പേയ്മെന്റ് ബാങ്ക് ലൈസന്‍സ് ലഭിച്ചു. രാജ്യത്ത് വാണിജ്യാടിസ്ഥാനത്തില്‍ ബാങ്കിങ് സേവനങ്ങള്‍ ലഭ്യമാക്കാനുള്ള ലൈസന്‍സാണ് റിസര്‍വ് ബാങ്ക് തപാല്‍ വകുപ്പിന് നല്‍കിയിരിക്കുന്നത്. ഇതോടെ രാജ്യത്ത് പേയ്മെന്റ് ബാങ്കുകള്‍ ആരംഭിക്കാന്‍ അനുമതി ലഭിക്കുന്ന മൂന്നാമത്തെ സ്ഥാപനമായി 'ഇന്ത്യ പോസ്റ്റ്' മാറിയിരിക്കുകയാണ്.
മുന്‍നിശ്ചയിച്ച പ്രകാരം പേയ്മെന്റ് ബാങ്ക് സേവനങ്ങള്‍ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്നാണ് തപാല്‍ വകുപ്പിലെ ഉന്നത ഉദ്ദ്യോഗസ്ഥര്‍ അറിയിച്ചത്. വ്യക്തികളില്‍ നിന്നും ചെറിയ ബിസിനസ് സംരംഭങ്ങളില്‍ നിന്നും ഒരു ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങള്‍ സ്വീകരിക്കാന്‍ പേയ്മെന്റ് ബാങ്കുകള്‍ക്ക് കഴിയും. ടെലികോം കമ്പനികള്‍, സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലകള്‍ എന്നിങ്ങനെയുള്ള വാണിജ്യ സംരഭകര്‍ക്ക് ബാങ്കിങ് സേവനം കൂടി നല്‍കാന്‍ അവസരമൊരുക്കുന്നതാണ് പേയ്മെന്റ് ബാങ്കിങ് രീതി. ഇന്റര്‍നെറ്റ് ബാങ്കിങ് അടക്കം ബാങ്കുകളില്‍ നിന്ന് സാധാരണ ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്ന ഏറെക്കുറെ സേവനങ്ങളും പേയ്മെന്റ് ബാങ്കില്‍ നിന്നും ലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.
തപാല്‍ വകുപ്പിന് പേയ്മെന്റ് ബാങ്ക് ലൈസന്‍സ് ലഭിക്കുന്നത്, ഇതുവരെ ബാങ്ക് ശാഖകളില്ല്ലാത്ത ഗ്രാമീണ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ടാക്കും. 2015ലാണ് പേയ്മെന്റ് ബാങ്കുകള്‍ക്കായി 11 സ്ഥാപനങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് തത്വത്തില്‍ അംഗീകാരം നല്‍കിയത്. എന്നാല്‍ ഇതില്‍ ഉള്‍പ്പെട്ട ഒട്ടുമിക്ക സ്ഥാപനങ്ങളും പിന്നീട് പിന്മാറി. ഇതില്‍ 3000 കോടി മൂലധനവുമായി പ്രവര്‍ത്തനമാരംഭിച്ച എയര്‍ടെല്‍ പേയ്മെന്റ് ബാങ്ക്, നിക്ഷേപങ്ങള്‍ക്ക് 7.25 ശതമാനം പലിശയാണ് വാഗ്ദാനം ചെയ്യുന്നത്.
