ജനങ്ങളെ ഗുരുതരമായി ബാധിച്ച വിഷയമായതിനാല്‍ വരുന്ന ബജറ്റ് സമ്മേളനത്തിലും നോട്ട് പിന്‍വലിക്കല്‍ ചര്‍ച്ച ചെയ്യണമെന്ന് ഇന്നത്തെ സര്‍വകക്ഷി യോഗത്തിലും സി.പി.എം ആവശ്യപ്പെട്ടു. പ്രതിഷേധ സൂചകമായി തൃണമൂല്‍ കോണ്‍ഗ്രസ് ഇന്നത്തെ സര്‍വകക്ഷി യോഗം ബഹിഷ്കരിച്ചു. തങ്ങളുടെ എം.പിമാര്‍ ആരും ബജറ്റ് സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിവസം പാര്‍ലമെന്റില്‍ എത്തില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പിനെ സ്വാധീനിച്ചേക്കാവുന്ന പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ നിന്ന് ഒഴിവാക്കണമെന്ന് രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദ് ആവശ്യപ്പെട്ടു. നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് കഴിഞ്ഞ സമ്മേളനത്തില്‍ നടക്കാതെ പോയ ചര്‍ച്ച ബജറ്റ് സമ്മേളനത്തില്‍ ഉണ്ടാവണമെന്ന് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ നിലപാടെടുത്തു.
നോട്ട് പിന്‍വലിക്കലിനെക്കുറിച്ച് പാര്‍ലമെന്റില്‍ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ചര്‍ച്ച വേണമെന്നാണ് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടത്. കണക്കുകള്‍ പൂര്‍ണ്ണമായി ലഭ്യമാകില്ലെന്നതിനാല്‍ ഫെബ്രുവരി ഒന്നാം തീയ്യതി ബജറ്റ് അവതരിപ്പിക്കുന്നത് ശരിയായ നടപടിയല്ലെന്നും യെച്ചൂരി പറഞ്ഞു. ബജറ്റ് സമ്മേളനം തുടങ്ങുന്ന നാളെയും ബജറ്റ് അവതരിപ്പിക്കപ്പെടുന്ന മറ്റെന്നാളും തങ്ങളുടെ എം.പിമാര്‍ പാര്‍ലമെന്റില്‍ വരില്ലെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കിയ സാഹചര്യത്തില്‍ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കുമെങ്കിലും അതിന് ശേഷമുള്ള ദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം പാര്‍ലമെന്റില്‍ ഉണ്ടാകുമെന്നാണ് സൂചന.
