ബജറ്റ് നേരത്തെയാക്കുകയും റെയില്‍ ബജറ്റും പൊതുബജറ്റും ഒന്നാക്കുകയും ചെയ്ത ഈ സമ്മേളനം ചരിത്രപരം എന്ന് വിശേഷിപ്പിച്ചുകൊണ്ടാണ് രാഷ്‌ട്രപതി പ്രണബ് മുഖര്‍ജി തന്റെ കാലാവധിയിലെ അവസാന നയപ്രഖ്യാപന പ്രസംഗം തുടങ്ങിയത്. പ്രതീക്ഷിച്ചതുപോലെ നോട്ട് അസാധുവാക്കലും മിന്നലാക്രമണവും പ്രസംഗത്തില്‍ ഇടംകണ്ടു. കള്ളപ്പണം, അഴിമതി, കള്ളനോട്ട്, ഭീകരവാദം എന്നിവക്കെതിരെയുള്ള ശക്തമായ നീക്കമായിരുന്നു നോട്ട് അസാധുവാക്കലെന്ന് രാഷ്‌ട്രപതി അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ഗ്രാമീന്‍ കല്ല്യാണ്‍ യോജനയും ബിനാമി നിയമഭേദഗതിയും സമഗ്ര നയരൂപീകരണത്തിന് ഉദാഹരണങ്ങളാണ്. ഡിജിറ്റല്‍ പണമിടപാടിലേക്ക് രാജ്യം മാറണമെന്ന് രാഷ്‌ട്രപതി ആവശ്യപ്പെട്ടു. ഇന്ത്യയില്‍ നുഴുഞ്ഞുകയറുന്നവര്‍ക്ക് ചുട്ടമറുപടി നല്‍കിയ സൈന്യത്തിന്റെ ധൈര്യത്തില്‍ രാജ്യം അഭിമാനിക്കുന്നുവെന്ന് രാഷ്‌ട്രപതി പറഞ്ഞു.
അടിക്കടിയുള്ള തെരഞ്ഞെടുപ്പ് ജനജീവിതത്തെയും വികസന പ്രവര്‍ത്തനങ്ങളെയും ബാധിക്കുന്നു എന്നും ഇതൊഴിവാക്കാന്‍ തെരഞ്ഞെടുപ്പുകള്‍ ഒന്നിച്ചുനടത്തണമെന്നും രാഷ്‌ട്രപതി നിര്‍ദ്ദേശിച്ചു. പണക്കൊഴുപ്പ് തടയാന്‍ തെരഞ്ഞെടുപ്പ് പ്രചരണ ചെലവ് സര്‍ക്കാര്‍ വഹിക്കണം. ഇതിനുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഏത് നിര്‍ദ്ദേശവും തന്‍റെ സര്‍ക്കാര്‍ അംഗീകരിക്കും. അഞ്ച് കോടി വീടുകളില്‍ സൗജന്യ പാചക വാതകം നല്‍കുന്നുമെന്നും പട്ടികജാതി-പട്ടികര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് മുന്‍ഗണന കിട്ടുമെന്നും രാഷ്‌ട്രപതി പറഞ്ഞു. മദര്‍ തെരേസയുടെയും ഗുരു ഗോവിന്ദ് സിംഗിന്റെയും ജീവിതം പ്രചോദനമാണെന്ന് പറഞ്ഞ രാഷ്‌ട്രപതി ഒരു സിത്താറിന്റെ കമ്പികളില്‍ നിന്ന് ഉയരുന്ന സംഗീതം പോലെ വിവിധ മതവിഭാഗങ്ങളെ ഒന്നിച്ചുകൊണ്ടുപോകുമെന്നും വ്യക്തമാക്കി. എന്നാല്‍ തൊഴിലവസരം എങ്ങനെ സൃഷ്‌ടിക്കുമെന്ന് വ്യക്തമാക്കാത്ത നിരാശാജനകമായ പ്രസംഗമാണ് രാഷ്‌ട്രപതിയുടേതെന്ന് കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
