കാര്‍ഡ് ഇടപാടുകള്‍ക്ക് ബാങ്കുകള്‍ വ്യാപാരികളില്‍ നിന്ന് ഈടാക്കുന്ന നിശ്ചിത ശതമാനം കമ്മീഷനെയാണ് മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് എന്ന് വിളിക്കുന്നത്. ഡിജിറ്റല്‍ പണിമിടപാടുകള്‍ പ്രോത്സാഹിപ്പി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റിയാണ് മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് (എം.ഡി.ആര്‍) നിര്‍ത്തലാക്കാണമെന്ന ശുപാര്‍ശ നല്‍കിയത്. കേന്ദ്ര ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കാനിരിക്കെയാണ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ അധ്യക്ഷതയിലുള്ള സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാര്‍ഡ് ഇടപാടുകള്‍ക്ക് മേലുള്ള എല്ലാ സര്‍വ്വീസ് ചാര്‍ജ്ജുകളും പരമാവധി കുറയ്ക്കാന്‍ ആവശ്യമായ നിര്‍ദ്ദേശം റിസര്‍വ് ബാങ്ക് മറ്റ് ബാങ്കുകള്‍ക്ക് നല്‍കണമെന്നും പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ശുപാര്‍ശയോട് കടുത്ത എതിര്‍പ്പാണ് ബാങ്കുകളും മറ്റ് പേയ്മെന്റ് കമ്പനികളും അറിയിച്ചിരിക്കുന്നത്. ഇടപാടുകള്‍ക്ക് പണം ഇടാക്കുന്ന ഇപ്പോഴത്തെ രീതിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്നാണ് ബാങ്കുകളുടെ വാദം. ക്യാഷ്‍ലെസ് ഇടപാടുകള്‍ വര്‍ദ്ധിച്ചതോടെ ഇപ്പോള്‍ തന്നെ സര്‍ക്കാറിന് വലിയ സാമ്പത്തിക നേട്ടമുണ്ടായിട്ടുണ്ടെന്നും പിന്നെ എം.ഡി.ആര്‍ കൂടി നിര്‍ത്തലാക്കണമെന്ന് പറയുന്നതില്‍ അടിസ്ഥാനമില്ലെന്നും ബാങ്ക് പ്രതിനിധികള്‍ പറയുന്നു. നേരത്തെ 2000 രൂപ വരെയുള്ള ഇടപാടുകള്‍ക്ക് 0.75 ശതമാനവും അതിന് മുകളില്‍ ഒരു ശതമാനവുമാണ് എം.ഡി.ആര്‍ ഈടാക്കിയിരുന്നത്. നോട്ട് നിരോധനത്തെ തുടര്‍ന്ന് ഇത് നിര്‍ത്തിവെയ്ക്കാന്‍ റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം നല്‍കി. എന്നാല്‍ ജനുവരി ഒന്നു മുതല്‍ ബാങ്കുകള്‍ വീണ്ടും പണം ഈടാക്കി തുടങ്ങിയിട്ടുണ്ട്. 

നേരിട്ട് ബാധിക്കില്ലെങ്കിലും എം.ഡി.ആര്‍ എടുത്തുകളയാനുള്ള നിര്‍ദ്ദേശത്തോട് സ്വൈപിങ് മെഷീന്‍ നിര്‍മ്മാണ കമ്പനികള്‍ക്കും എതിര്‍പ്പാണ്. ചാര്‍ജ്ജ് എടുത്തുകളയുന്നതോടെ ബാങ്കുകള്‍ കാര്‍ഡ് ഇടപാടുകള്‍ക്ക് നല്‍കുന്ന പ്രോത്സാഹനം കുറയ്ക്കുമെന്നും മറ്റ് തരത്തിലുള്ള ചാര്‍ജ്ജുകള്‍ ഈടാക്കുമെന്നുമാണ് സൂചന. ഇത് ഈ രംഗത്തെ ആശ്രയിക്കുന്ന മറ്റ് മേഖലകളെയും പ്രതിസന്ധിയിലാക്കും. നോട്ട് നിരോധനം സൃഷ്ടിച്ച ആഘാതം ലഘൂകരിക്കുന്നതിന്റ ഭാഗമായി ആശ്വാസ നടപടികള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്ന് ഏകദേശം ഉറപ്പാണ്. മര്‍ച്ചന്റ് ഡിസ്ക്കൗണ്ട് റേറ്റ് പോലുള്ളവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുമോ എന്ന് വ്യക്തമല്ല.