ബംഗലുരു: കല്ല്യാണം കഴിക്കാത്ത പങ്കാളികള്‍ക്ക് മാത്രം താമസിക്കാന്‍ സംവിധാനമൊരുക്കി ഒരു ഹോട്ടല്‍ ശൃംഖല. 'ഒയോ റൂംസ്' ആണ് വിവാഹം കഴിക്കാത്തവര്‍ക്ക് മാത്രം ബുക്ക് ചെയ്യാനുള്ള മുറികളുമായി എത്തുന്നത്. 200 നഗരങ്ങളിലായി 70,000 മുറികളാണ് ഒയോ വാഗ്ദാനം ചെയ്യുന്നത്. പ്രധാനമായും 18 നും 30 നും ഇടയില്‍ പ്രായക്കാരെയാണ് ലക്ഷ്യമിടുന്നത്. ജാപ്പനീസ് ടെലികോം ആന്‍റ് ഇന്റര്‍നെറ്റ് ഭീമന്മാരായ സോഫ്റ്റ് ബാങ്കാണ് ആശയത്തിന് പിന്തുണ നല്‍കിയിട്ടുള്ളത്.

ഹോട്ടലിന്‍റെ വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ്പ് വഴിയോ മുറി ബുക്ക് ചെയ്യാം. പക്ഷേ തങ്ങളുടെ പ്രാദേശിക ഐഡന്‍റിറ്റി തെളിയിക്കുന്ന തെളിവുകളും പങ്കാളികള്‍ തമ്മിലുള്ള ബന്ധം വ്യക്തമാക്കിയിരിക്കണമെന്ന് മാത്രം. നിലവില്‍ മെട്രോയിലും മുന്‍നിര വിനോദകേന്ദ്രങ്ങളിലുമായി 100 നഗരങ്ങളില്‍ പങ്കാളി സൗഹൃദ മുറികള്‍ അവതരിപ്പിച്ചിട്ടുള്ളവരാണ് ഇവര്‍. 

എന്നാല്‍ ഇത് അവിഹിത ബന്ധങ്ങള്‍ക്ക് അവസരം നല്‍കുന്ന എന്നതിനാല്‍ ഇതിനകം മുറുമുറപ്പ് ഉണ്ടാക്കിയിട്ടുണ്ട്. എന്നിരുന്നാലും അവിവാഹിത അതിഥികളെ സ്വീകരിക്കുന്ന കാര്യത്തില്‍ ഒരു ഹോട്ടലുകളെയും ഇന്ത്യന്‍ നിയമം തടയുന്നില്ല എന്നതിന്റെ പശ്ചാത്തലത്തിലാണ് ഇവരുടെ പ്രവര്‍ത്തനം. 

അടുത്തിടെ സോഫ്റ്റ് ബാങ്കില്‍ നിന്നും 62 ദശലക്ഷം ഡോളര്‍ കണ്ടെത്തിയ കമ്പനി സാമൂഹ്യമാധ്യമങ്ങള്‍ വഴി വ്യാപകമായ പ്രചരണം നടത്താനുള്ള നീക്കത്തിലാണ്.