ലണ്ടന്‍: യൂറോപ്യന്‍ യൂണിയനെ കൂട്ടുപിടിച്ച് അമേരിക്കയെ സമ്മര്‍ദ്ദത്തിലാക്കാനുളള തീവ്രശ്രമത്തില്‍ ചൈന. ചൈനീസ് വിപണിയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗങ്ങളായ രാജ്യങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപ സാധ്യതയാണ് യൂറോപ്യന്‍ രാജ്യങ്ങളെ ആകര്‍ഷിക്കാനായി ചൈന മുന്നോട്ട് വയ്ക്കുന്നത്.

അമേരിക്ക - ചൈന വ്യാപാര യുദ്ധം കൊടുമ്പിരികൊണ്ട സാഹചര്യത്തില്‍ ചൈനീസ് കറന്‍സിയായ യുവാന്‍ തളര്‍ച്ചയിലായതാണ് ചൈനയെ പുതിയ നീക്കുപോക്കുകളെക്കുറിച്ച് ആലോചിക്കാന്‍ പ്രേരിപ്പിച്ചതെന്ന് കരുതുന്നു. എന്നാല്‍ ചൈനയോടൊപ്പം ചേര്‍ന്ന് അമേരിക്കയെ പിണക്കുന്ന നടപടികളോട് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്ക് താല്‍പര്യമില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. 

ലോകത്തെ ഏറ്റവും വലിയ വാണിജ്യ കൂട്ടയ്മയാണ് യൂറോപ്യന്‍ യൂണിയന്‍. ജൂലൈ 16 മുതല്‍ 17 വരെ ബീജിങില്‍ നടക്കുന്ന സീനോ - യൂറോപ്യന്‍ സമ്മിറ്റിന്‍റെ ഭാഗമായി നടക്കുന്ന ചര്‍ച്ചകളെ ചൈനീസ് സര്‍ക്കാര്‍ വലിയ പ്രതീക്ഷയിലാണ് നോക്കിക്കാണുന്നത്. സമ്മിറ്റില്‍ വിവിധ യൂറോപ്യന്‍ രാജ്യങ്ങളുടെ പ്രതിനിധികള്‍ പങ്കെടുക്കുന്നുണ്ടെങ്കിലും ചൈനീസ് താല്‍പര്യങ്ങള്‍ അന്തര്‍ദേശീയ തലത്തിലെ വാണിജ്യത്തില്‍ സംരക്ഷിക്കുന്ന നടപടികള്‍ അവര്‍ സ്വീകരിക്കാന്‍ സാധ്യതയില്ല.