ഫെഡറല്‍ റിസര്‍വ് ചെയര്‍പേഴ്‌സന്‍ ജാനറ്റ് യെല്ലന്‍ പലിശ നിരക്ക് കൂട്ടുന്നതിലെ തീരുമാനം ഇന്ന് പ്രഖ്യാപിക്കും. അമേരിക്കന്‍ സാമ്പത്തിക രംഗത്തെ ഉയര്‍ച്ചയും പണപ്പെരുപ്പത്തിലെ ഇടിവും പരിഗണിക്കുമ്പോള്‍ പലിശ നിരക്ക് കാല്‍ ശതമാനം കൂട്ടിയേക്കുമെന്നാണ് സൂചന. പലിശ വര്‍ദ്ധിച്ചാല്‍ ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ സാമ്പത്തിക രംഗത്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. ഇതിന്റെ മുന്നോടിയെന്നോണം ഓഹരി വിപണികള്‍ നഷ്ടത്തിലാണ്.

2008ലെ സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് അമേരിക്കന്‍ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയിലും, കടപത്ര, സ്വര്‍ണ്ണ വിപണികളിലും വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അമേരിക്കയില്‍ പലിശ നിരക്ക് ഉയര്‍ന്ന് ഡോളര്‍ ശക്തിയാര്‍ജിച്ചാല്‍ ഈ നിക്ഷേപം പിന്‍വലിച്ചേക്കും. കോടിക്കണക്കണക്കിന് രൂപയുടെ നിക്ഷേപം ഒറ്റയടിക്ക് പിന്‍വലിക്കുന്നത് ഓഹരി വിപണിയുടെ തകര്‍ച്ചയ്ക്കും രൂപയുടെ മൂല്യഇടിവിനും വഴിവയ്ക്കും. നിലവില്‍ തന്നെ കടുത്ത മൂല്യശോഷണമാണ് രൂപ നേരിടുന്നത്.

പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കഴിഞ്ഞ ഡിസംബറില്‍ ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് ഉയര്‍ത്തിയപ്പോള്‍ ഇന്ത്യയില്‍ നിന്ന് വന്‍ തോതില്‍ നിക്ഷേപം പിന്‍വലിക്കപ്പെട്ടിരുന്നു. ഡോളര്‍ ശക്തിയാര്‍ജിച്ചാല്‍ സ്വര്‍ണ വില കുറയാനും സാധ്യതയുണ്ട്.