വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ സൗദിയില്‍ നിന്നും പുറത്തേക്ക് പണമയക്കാന്‍ ചെലവേറും. ട്രാൻസ്ഫർ ചാർജിന്റെ അഞ്ച് ശതമാനം ഇനി മുതൽ വാറ്റ് നൽകേണ്ടി വരും. ബാങ്ക് വഴി പണം അയക്കുന്നതിനുള്ള ഫീസിന് മൂല്യ വര്‍ധിത നികുതി ബാധകമാണെന്ന് ജനറല്‍ അതോറിറ്റി ഓഫ് സക്കാത്ത് ആന്‍ഡ്‌ ടാക്സ് വ്യക്തമാക്കി. ജനുവരി ഒന്നിന് വാറ്റ് പ്രാബല്യത്തില്‍ വരുന്നതോടെ ട്രാന്‍സ്ഫര്‍ ചാര്‍ജിന്റെ അഞ്ച് ശതമാനം വാറ്റ് നല്‍കേണ്ടി വരും. അയക്കുന്ന പണത്തിനല്ല, അതിനുള്ള ഫീസിനാണ് വാറ്റ് നല്‍കേണ്ടതെന്ന് അതോറിറ്റി വിശദീകരിച്ചു. ബാങ്കുകളിലെ അഡ്മിനിസ്ട്രേറ്റീവ് സര്‍വീസുകള്‍ ഉള്‍പ്പെടെ പല സാമ്പത്തിക ഇടപാടുകള്‍ക്കും വാറ്റ് ഈടാക്കും. 

വായ്പയുടെ പലിശ, ലോണ്‍, ക്രെഡിറ്റ് കാര്‍ഡ്, പണയം വെക്കല്‍, കറണ്ട്/ സേവിങ്സ് അക്കൌണ്ടുകള്‍ തുടങ്ങിയവയുടെ ഫീസുകള്‍ക്ക് വാറ്റ് ബാധകമല്ല. ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, വീട്ടു വാടക, അംഗീകൃത മരുന്നുകള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍ തുടങ്ങിയവക്കും വാറ്റ് ബാധകമായിരിക്കില്ല. പാസ്പോര്‍ട്ട്‌, ഡ്രൈവിംഗ് ലൈസന്‍സ് ഉള്‍പ്പെടെയുള്ള സേവനങ്ങള്‍ക്ക് വാറ്റ് ഈടാക്കും.