വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രമീയം കുറച്ച ഐ.ആര്‍.ഡി.എ നടപടിയില്‍ രാജ്യത്തെ വാഹന ഉടമകള്‍ക്ക് ആശ്വാസം. എട്ട് ശതമാനം ഇളവാണ് ഏപ്രില്‍ ഒന്നു മുതലുള്ള മുന്‍കാല പ്രാബല്യത്തോടെ ഐ.ആര്‍.ഡി.എ വരുത്തിയത്. ഏപ്രില്‍ ഒന്നിന് ശേഷം അടച്ച അധിക ഇന്‍ഷുറന്‍സ് പ്രീമിയം തുക ഉപഭോക്താക്കള്‍ക്ക് തിരിച്ച് കിട്ടും.

 വാഹനങ്ങളുടെ തേഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം തുകയില്‍ വരുത്തിയ വര്‍ധനയുടെ അളവു കുറച്ചതായി ഇന്‍ഷുറന്‍സ് നിയന്ത്രണ അതോറിറ്റി കഴിഞ്ഞദിവസമാണ് അറിയിച്ചത്. നേരത്തെ ഈ ആവശ്യമുന്നയിച്ച് ലോറി ഉടമകള്‍ രാജ്യവ്യാപക സമരം നടത്തിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം നിലവിലുണ്ടായിരുന്ന നിരക്കിനേക്കാള്‍ കൂടുതലാണ് ഇക്കൊല്ലത്തെ നിരക്ക്. എന്നാല്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 28നു പ്രഖ്യാപിച്ച നിരക്കുകളെക്കാള്‍ താഴ്ത്തി. 1000 സിസി വരെ എന്‍ജിന്‍ ശേഷിയുള്ള കാറുകള്‍ക്ക് 2055 രൂപ എന്ന നിരക്ക് തുടരും. 1000–1500 സിസി വിഭാഗത്തില്‍ പ്രീമിയം നേരത്തേ പ്രഖ്യാപിച്ച 3132 രൂപയില്‍ നിന്ന് 2863 രൂപയായി കുറച്ചു.

1500 സിസി ക്കു മേലുള്ള കാറുകള്‍ക്ക് 8630 രൂപയില്‍ നിന്ന് 7890 രൂപയായി കുറച്ചു. 150 സിസി ക്കു മേലുള്ള ഇരുചക്ര വാഹനങ്ങളുടെ പ്രീമിയത്തിലും ഇളവു പ്രഖ്യാപിച്ചു. ട്രക്ക് ഉള്‍പ്പെടെയുള്ള വാണിജ്യ വാഹനങ്ങള്‍ക്കും പ്രീമിയം നിരക്ക് കുറച്ചതായി ഐ.ആര്‍.‍ഡി.എ അറിയിച്ചു.