കൊച്ചി: ഇന്ത്യ നിക്ഷേപ സൗഹൃദ രാഷ്ട്രമായി മാറിയെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ലോകബാങ്ക്, മൂഡീസ് റേറ്റിംഗ് എന്നിവയുടെ വിലയിരുത്തൽ ഇതാണ് തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയിൽ 11ാമത് ഇന്ത്യൻ ഫിഷറീസ് ആന്റ് അക്വാ കൾച്ചർ ഫോറം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഉപരാഷ്ട്രപതി.

ഇന്ത്യയിലെ നിക്ഷേപ സാധ്യതകൾ ലോകം തിരിച്ചറിയുന്നുവെന്നാണ് ലോകബാങ്ക്, അന്താരാഷ്ട്ര നാണയ നിധി എന്നിവയുടെ റിപ്പോട്ടുകളും മൂ‍ഡീസ് റേറ്റിങും സൂചിപ്പിക്കുന്നതെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു പറഞ്ഞു. വളർച്ച കൈവരിക്കുന്നുണ്ടെങ്കിലും രാജ്യത്തെ സാധ്യതകൾ പൂർണമായും പ്രയോജനപ്പെടുത്തിയിട്ടില്ല. മത്സ്യകൃഷി അടക്കമുള്ളവ ആധുനിക സങ്കേതങ്ങളിലേക്ക് മാറണം. സാങ്കേതിക വികാസവും ഗവേഷണ ഫലങ്ങളും കർഷകരിലേക്കെത്തുന്നതോടെ മധ്യവർത്തികളുടെ ചൂഷണം അവസാനിപ്പിച്ച് കർഷകർക്ക് നേട്ടമുണ്ടാക്കാനാകും.

സ്ത്രീകളുടെ തൊഴിൽ ക്ഷമത കാര്യക്ഷമമായി പ്രയോജനപ്പെടുത്തണമെന്നും ഉപരാഷ്ട്രപതി അഭിപ്രായപ്പെട്ടു. പ്രശ്നങ്ങൾ പരിഹരിച്ച് സ്ത്രീകളെ തൊഴിൽ രംഗത്തേക്ക് എത്തിച്ചാൽ മാത്രമെ വളർച്ചാ പുരോഗതി അതിവേഗം കൈവരിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെന്‍ട്രൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്‌നോളജിയുടെയും കൊച്ചിയിലെ ഏഷ്യൻ ഫിഷറീസ് സൊസൈറ്റി ഇന്ത്യന്‍ ബ്രാഞ്ചിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനൊന്നാമത് ഇന്ത്യന്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചർ ഫോറം ഉപരാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. മൂന്ന് ദിവസം നീണ്ടുനിൽക്കുന്ന സമ്മേളനത്തിൽ സാങ്കേതിക വിദ്യ മത്സ്യരംഗത്തുണ്ടാക്കിയ മാറ്റങ്ങൾ, മേഖലയിലെ ഗവേഷണ സാധ്യതകൾ തുടങ്ങിയ ചർച്ചയാകും.