ലണ്ടന്‍: ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ തന്നെ വേട്ടയാടുകയാണെന്നും, ലണ്ടനില്‍വച്ച് ചോദ്യംചെയ്യലിനു വിധേയനാകാന്‍ തയാറാണെന്നും ബ്രിട്ടണിലേക്കു നാടുകടന്ന വ്യവസായി വിജയ് മല്യ. തനിക്ക് ഒന്നും ഒളിക്കാനില്ലെന്നും ഒരു മാസികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

തന്നോട് എപ്പോള്‍ വേണമെങ്കിലും അധികൃതര്‍ക്കു കാര്യങ്ങള്‍ ചോദിക്കാമെന്നു വിജയ് മല്യ പറയുന്നു. അതിന് ലണ്ടിനില്‍ നേരിട്ടു വരികയോ റേഡിയോ കോണ്‍ഫറന്‍സ് നടത്തുകയോ ഇ-മെയിലിലൂടെ ചോദ്യങ്ങള്‍ ഉന്നയിക്കുകയോ ആകാം. തനിക്ക് യാതൊന്നും ഒളിക്കാനില്ല. തനിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. തന്റെ പാസ്പോര്‍ട്ട് റദ്ദാക്കി - അദ്ദേഹം പറയുന്നു.

ഇന്ത്യയിലെ ബാങ്കുകളില്‍നിന്ന് 9000 കോടി രൂപയോളം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് യുബി ഗ്രൂപ്പ് ചെയര്‍മാന്‍കൂടിയായ വിജയ് മല്യ നാടുവിട്ടത്. കഴിഞ്ഞ മാര്‍ച്ച് മുതല്‍ അദ്ദേഹം ബ്രിട്ടണില്‍ കഴിയുകയാണ്.