മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും തമ്മില്‍ ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക്‌ രൂപമായപ്പോൾ നാലിലൊന്ന് ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. 

തിരുവനന്തപുരം: മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാറും വോഡഫോൺ ഇന്ത്യയും തമ്മില്‍ ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ ടെലികോം കമ്പനിക്ക്‌ രൂപമായപ്പോൾ നാലിലൊന്ന് ജീവനക്കാർ പിരിച്ചുവിടൽ ഭീഷണിയിലെന്ന് റിപ്പോര്‍ട്ട്. 70,000 കോടി രൂപയുടെ ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായാണ് പിരിച്ചുവിടല്‍ നീക്കം. ഇരു കമ്പനികളിലുമായി ഏകദേശം 18,000 ജീവനക്കാരാണുള്ളത്. ഇതിൽ 4,500-5,000 പേരെയെങ്കിലും പിരിച്ചുവിടാനാണ് നീക്കം. 

കേരളത്തിലടക്കം ഇതിനോടകം പലർക്കും ജോലി നഷ്ടമായെന്നും പിരിഞ്ഞുപോകാൻ തയ്യാറല്ലാത്ത സ്ത്രീകൾ ഉള്‍പ്പെടെയുള്ള ജീവനക്കാരെ ദൂരെ സ്ഥലങ്ങളിലേക്ക് സ്ഥലംമാറ്റുമെന്ന ഭീഷണിയുള്ളതായും റിപ്പോര്ട്ടുകളുണ്ട്. മറ്റു കമ്പനികളിൽനിന്ന് ഉയർന്ന ശമ്പളത്തിൽ ഐഡിയയിലും വോഡഫോണിലും എത്തിയവർ പലരും ഇപ്പോൾ തൊഴിൽ നഷ്ടമാകുമെന്ന ആശങ്കയിലാണ്. ലയനത്തിനു മുന്നോടിയായി മാസങ്ങളായി ഇരു കമ്പനികളും പുതിയ നിയമനങ്ങൾ മരവിപ്പിച്ചിരുന്നു.

ജിയോയുടെ രംഗപ്രവേശത്തോടെ നിലനിൽപ്പു പോലും ഭീഷണിയായി മാറിയതോടെയാണ് ഐഡിയയും വോഡഫോണും ലയിച്ച് ഒന്നാകാൻ തീരുമാനിച്ചത്.