സെപ്തംബറോടെ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ പൂര്‍ണ്ണമാകുമെന്നാണ് കരുതുന്നത്.


ദില്ലി: എയര്‍ ഇന്ത്യയുടെ 76 ശതമാനം ഓഹരികള്‍ വില്‍ക്കാനുള്ള നടപടികള്‍ പുരോഗമിക്കവെ തൊഴിലാളികളുടെ ഭാവി സംബന്ധിച്ച ആശങ്കകളും ശക്തമാവുന്നു. ഇക്കാര്യത്തില്‍ വിവിധ തൊഴിലാളി യൂണിയനുകളുമായി സംസാരിച്ച് ധാരണയുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്ന് കേന്ദ്ര സിവില്‍ വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ പറഞ്ഞു.

സെപ്തംബറോടെ എയര്‍ ഇന്ത്യയുടെ ഓഹരി വിറ്റഴിക്കല്‍ പൂര്‍ണ്ണമാകുമെന്നാണ് കരുതുന്നത്. ഇതോടെ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കാനുള്ള സൗകര്യമൊരുക്കുന്നതിന് പുറമെ എംപ്ലോയിസ് സ്റ്റോക്ക് ഓപ്ഷന്‍, വിരമിക്കുന്ന ജീവനക്കാരുടെ ആരോഗ്യ ചിലവുകള്‍ വഹിക്കുന്നതിനുള്ള പദ്ധതി തുടങ്ങിയവയൊക്കെ പരിഗണനയിലാണ്. പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂ, എഞ്ചിനീയര്‍മാര്‍ തുടങ്ങി വിവിധ തലങ്ങളിലുള്ള ജീവനക്കാരുടെയും യൂണിയനുകളുമായി സംസാരിച്ച് എല്ലാവരുടെയും താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്ന പദ്ധതി തയ്യാറാക്കുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന വാഗ്ദാനം. കമ്പനി കൈമാറുന്ന ഇടപാടുകള്‍ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ജീവനക്കാരുടെ ശമ്പള കുടിശിക മുഴുവന്‍ കൊടുത്തു തീര്‍ക്കും. 1298 കോടിയോളം രൂപയാണ് ഇതിന് ആവശ്യമായി വരുന്നത്.