ദില്ലി: രാജധാനി എക്‌സ്പ്രസിലെ വെയിറ്റിംഗ് ലിസ്റ്റിലുള്ള ടിക്കറ്റ് വിമാന ടിക്കറ്റാക്കി മാറ്റാനുള്ള സൗകര്യം ഒരാഴ്ചയ്ക്കുള്ളില്‍ നടപ്പിലാക്കുമെന്നു എയര്‍ ഇന്ത്യ ചെയര്‍മാന്‍ അശ്വനി ലോഹനി. ട്രെയിന്‍ ടിക്കറ്റ് വിമാന ടിക്കറ്റാക്കി മാറ്റാനുള്ള പദ്ധതിക്കാണ് ഐആര്‍സിടിസിയും എയര്‍ ഇന്ത്യയും തമ്മില്‍ ധാരണയായിരിക്കുന്നത്. ആദ്യഘട്ടത്തില്‍ രാജധാനി ട്രെയിനുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്.

പുതിയ ഉടമ്പടി പ്രകാരം രാജധാനി ട്രെയിന്‍ ടിക്കറ്റ് കണ്‍ഫേം ആകാത്തവര്‍ക്ക് 24 മണിക്കൂറിനുള്ളില്‍ എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്യാനുള്ള ടിക്കറ്റ് ബുക്ക് ചെയ്യാം. എയര്‍ ഇന്ത്യയുടെ വിമാന സര്‍വീസുള്ള റൂട്ടുകളിലാവും പദ്ധതി നടപ്പിലാക്കുക. വിമാന ടിക്കറ്റാക്കി മാറ്റുന്നതിനു എസി ഫസ്റ്റ്ക്ലാസ് യാത്രക്കാര്‍ അധിക ചാര്‍ജ് നല്‍കേണ്ടതില്ല. 

എന്നാല്‍, സെക്കന്‍ഡ് ക്ലാസ്, തേര്‍ഡ് എസി ക്ലാസ് യാത്രക്കാര്‍ അധികമായി 2000 രൂപ നല്‍കേണ്ടി വരുമെന്നു അശ്വനി ലോഹനി വിശദമാക്കി.