ഫ്ലിപ്പിന്‍റെ 70 മുതല്‍ 75 ശതമാനം വരെ ഓഹരികള്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തേക്കും

മുംബൈ: വാള്‍മാര്‍ട്ട് ഫ്ലിപ്പ്കാര്‍ട്ടിനെ ഏറ്റെടുക്കും. ഓഹരി വാങ്ങല്‍ ബുധനാഴ്ച്ച ഉണ്ടായേക്കും. ഫ്ലിപ്പിന്‍റെ 70 മുതല്‍ 75 ശതമാനം വരെ ഓഹരികള്‍ വാള്‍മാര്‍ട്ട് ഏറ്റെടുത്തേക്കുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.

15 ബില്യണ്‍ യു.എസ്. ഡോളറിന്‍റെ ഇടപാടാണിത്. ടെക് ഭീമന്‍ ഗൂഗിളുമായി ചേര്‍ന്നാണ് ഫ്ലിപ്പ്കാര്‍ട്ടിനെ വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നത്. ഇതോടെ ഈ രംഗത്തെ ഫ്ലിപ്പിന്‍റെ ഏറ്റവും വലിയ എതിരാളികളായ ആമസോണിന് വന്‍ ഭീഷണി ഉയരുമെന്നമാണ് കരുതുന്നത്. 2007 ഒക്ടോബറിലാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി സച്ചിന്‍ ബന്‍സാലും ബിന്നി ബന്‍സാലും ചേര്‍ന്ന് ഫ്ലിപ്പ്കാര്‍ട്ട് എന്ന ഇ- കോമേഴ്സ് സംരംഭം തുടങ്ങുന്നത്.

പിന്നീട് വളര്‍ന്നു പന്തലിച്ച ഫ്ലിപ്പാണ് ഇന്ത്യയിലെ നിലവിലുളളതിലെ ഏറ്റവും വലിയ ഇ- കോമേഴ്സ് സേവനദാതാക്കള്‍. വാള്‍മാര്‍ട്ട് ഏറ്റെടുക്കുന്നതോടെ ഫ്ലിപ്പിന്‍റെ സ്ഥാപകരിലെരാളായ സച്ചിന്‍ ബന്‍സാല്‍ സിഇഒ സ്ഥാനത്ത് നിന്ന് പുറത്തുപോയേക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും അദ്ദേഹം പുറത്ത് പോകാനുളള സാധ്യത തത്കാലത്തേക്കില്ലന്നാണ് ഒടുവില്‍ ലഭിക്കുന്ന സൂചനകള്‍.