ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാകാനുള്ള കുതിപ്പില്‍ ഇന്ത്യയ്ക്ക് താല്‍ക്കാലിക തടസ്സം നേരിടുമെന്നാണ് ലോകബാങ്കിന്റെ റിപ്പോര്‍ട്ട് പറയുന്നത്. നോട്ട് അസാധുവാക്കല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അപ്രതീക്ഷിത തടസ്സമായി. നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ രാജ്യം 7 ശതമാനം ആഭ്യന്തര വളര്‍ച്ചയേ നേടുവെന്നും ലോകബാങ്ക് അറിയിച്ചു. നേരത്തെ 7.7 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നായിരുന്നു അനുമാനം.
കാര്‍ഷിക മേഖലയിലും ഗ്രാമീണ മേഖലയിലും പുരോഗതി കൈവരിക്കുന്ന ഘട്ടത്തിലാണ് നോട്ട് അസാധുവാക്കല്‍ എത്തിയത്. 80 ശതമാനം പേരും കറന്‍സിയായി പണം ക്രയവിക്രയം ചെയ്യുന്ന രാജ്യത്തെ 86 ശതമാനം നോട്ടുകളും പിന്‍വലിച്ചത് വളര്‍ച്ചയെ ബാധിച്ചു. എന്നാല്‍ ആവശ്യത്തിന് നോട്ട് ലഭ്യമാകുന്നതോടെ പ്രതിസന്ധി തീരുമെന്നും വരും വര്‍ഷങ്ങളില്‍ പ്രതീക്ഷിത വളര്‍ച്ച ഇന്ത്യ കൈവരിക്കുമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടിലുണ്ട്.
സാമ്പത്തിക വളര്‍ച്ച മെച്ചപ്പെടുത്താന്‍ വ്യവസായങ്ങള്‍ തുടങ്ങാനുള്ള അന്തരീക്ഷം രാജ്യത്ത് സൃഷ്ടിക്കണം. ഇതിനായി അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കണം. മേക്ക ഇന്‍ ഇന്ത്യ പോലുള്ള പദ്ധതികള്‍ ഇതിനായി ഉപയോഗപ്പെടുത്താമെന്നും ലോകബാങ്ക് റിപ്പോര്‍ട്ടിലുണ്ട്.
