ഇന്ത്യന്‍ അതിസമ്പന്നര്‍ക്ക് ശരാശരി 865 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് കണക്ക്. എന്നാല്‍, അതിസമ്പന്നരുടെ സ്വത്തിന്‍റെ കാര്യത്തില്‍ ആഗോള ശരാശരി 780 കോടി രൂപ മാത്രമാണ്. 

ദില്ലി: അടുത്ത അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയിലെ അതിസമ്പന്നരുടെ സ്വത്തില്‍ 87 ശതമാനത്തിന്‍റെ വര്‍ദ്ധനയുണ്ടാകുമെന്ന് ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്‍റിന്‍റെയും വെല്‍ത്ത് എക്സിന്‍റെയും പഠനം. രാജ്യത്തെ 4,475 സമ്പന്നര്‍ മറ്റ് രാജ്യങ്ങളിലെ അതിസമ്പന്നരെക്കാള്‍ സ്വത്തുളളവരാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഇന്ത്യന്‍ അതിസമ്പന്നര്‍ക്ക് ശരാശരി 865 കോടി രൂപയുടെ സ്വത്തുണ്ടെന്നാണ് കണക്ക്. എന്നാല്‍, അതിസമ്പന്നരുടെ സ്വത്തിന്‍റെ കാര്യത്തില്‍ ആഗോള ശരാശരി 780 കോടി രൂപ മാത്രമാണ്. 

ആഗോള തലത്തില്‍ അതിസമ്പന്നരുടെ ശരാശരി പ്രായം 62 വയസാണ് എന്നാല്‍, ഇന്ത്യയില്‍ അതിസമ്പന്നരുടെ ശരാശരി പ്രായം 58 വയസ്സ് മാത്രമാണ്. ഇന്ത്യന്‍ സമ്പദ്‍വ്യവസ്ഥയില്‍ 2,84,140 സമ്പന്നരായ വ്യക്തികളുണ്ട്. ഇവര്‍ക്കെല്ലാമായി 95 ലക്ഷം കോടി രൂപയുടെ സമ്പത്ത് ഉണ്ട്. 2021 ആകുമ്പോഴേക്കും ഇത് 188 ലക്ഷം കോടിയിലേക്ക് ഉയരും. 

2018 ലെ ഐഐഎഫ്എല്‍ വെല്‍ത്ത് മാനേജ്മെന്‍റ് വെത്ത് ഇന്‍ഡക്സ് 2018 പ്രകാരം അടുത്ത മൂന്ന് വര്‍ഷം കൊണ്ട് രാജ്യത്തെ സമ്പന്നരുടെ എണ്ണത്തില്‍ 86 ശതമാനത്തിന്‍റെ വര്‍ദ്ധന രേഖപ്പെടുത്തുമെന്നാണ്. അതോടെ സമ്പന്നരുടെ എണ്ണം 5,29,940 ലേക്ക് ഉയരും.

ആഗോള തലത്തില്‍ പൂര്‍വിക സ്വത്ത് ലഭിച്ച് അതിസമ്പന്നരായവര്‍ 34 ശതമാനം മാത്രമാണ്. എന്നാല്‍, രാജ്യത്തെ അതിസമ്പന്നരില്‍ 55 ശതമാനം പേരും പൂര്‍വികരുടെ സ്വത്ത് ഉപയോഗിച്ച് അതിസമ്പന്നരായവരാണ്. ഇന്ത്യയിലെ അതിസമ്പന്നരില്‍ 45 ശതമാനം പേര്‍ സ്വപ്രയത്നത്താല്‍ സമ്പന്നരായവരാണ്. ആഗോള തലത്തില്‍ സ്വപ്രയത്നത്താല്‍ അതിസമ്പന്നരാവരുടെ എണ്ണം ഇന്ത്യയെക്കാള്‍ വളരെ ഉയര്‍ന്നതാണ്. 65 ശതമാനം!.

റാങ്കിങ് പ്രകാരം സമ്പന്നരായ പുതിയ വ്യക്തികളുടെ എണ്ണത്തില്‍ ഇന്ത്യയ്ക്ക് നാലാം സ്ഥാനമാണ്. യുഎസ്, ജപ്പാന്‍, ചൈന എന്നിവയാണ് ആദ്യ മുന്ന് സ്ഥാനക്കാര്‍.