Asianet News MalayalamAsianet News Malayalam

നാളെ മുതല്‍ എസ്.ബി.ടി ഇല്ല; എ.ടിഎം കാര്‍ഡ്, നെറ്റ് ബാങ്കിങ്, ചെക്ക്... ഇവയ്ക്ക് എന്ത് സംഭവിക്കും?

what happend to your sbt atm card and cheque book
Author
First Published Mar 31, 2017, 10:34 AM IST

തിരുവനന്തപുരം: കേരളത്തിന്റെ സ്വന്തം ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂറിന്റെ അവസാന ദിനമാണ് ഇന്ന്. നാളെ പുതിയ സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കമായതിനാല്‍ ഏപ്രില്‍ ഒന്ന് എല്ലാ ബാങ്കുകള്‍ക്കും അവധിയാണ്. ഞായറാഴ്ചയും കഴിഞ്ഞ് അടുത്ത ദിവസം ബാങ്കുകള്‍ തുറക്കുമ്പോള്‍ ഇന്നത്തെ എസ്.ബി.ടി ശാഖകളെല്ലാം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ശാഖകളായി മാറിയിട്ടുണ്ടാവും. ലയനം ഇടപാടുകാരെ ഒരു തരത്തിലും ബാധിക്കില്ലെന്ന് എസ്.ബി.ഐ അറിയിക്കുമ്പോള്‍ തന്നെ പലര്‍ക്കും ആശങ്കയാണ്. വിവിധ സേവനങ്ങളെപ്പറ്റി ഇതിനോടകം എസ്.എം.എസ് വഴി സ്റ്റേറ്റ് ബാങ്ക് ഉപഭോക്താക്കള്‍ക്ക് അറിയിപ്പുകള്‍ നല്‍കുന്നുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ബികാനീര്‍ ആന്റ് ജെയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഹൈദരാബാദ്, സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് പാട്യാല എന്നീ അഞ്ച് അസോസിയേറ്റ് ബാങ്കുകളും ഭാരതീയ മഹിളാ ബാങ്കുമാണ് എസ്.ബി.ഐയില്‍ ലയിക്കുന്നത്. അസോസിയേറ്റ് ബാങ്കുകളെല്ലാം നേരത്തെ തന്നെ എസ്.ബി.ഐയുടെ അതേ സോഫ്റ്റ്‍വെയര്‍ തന്നെയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ തിങ്കളാഴ്ച മുതല്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്ന പേരില്‍ പ്രവര്‍ത്തിക്കാന്‍ പ്രായോഗികമായി ഒരു തടസ്സവും ഉണ്ടാവില്ല. ബാങ്ക് ശാഖകളുടെ ബോര്‍ഡില്‍ മാത്രമേ കാര്യമായൊരു മാറ്റം ഇപ്പോള്‍ വരൂ എന്നര്‍ത്ഥം. ബാക്കിയെല്ലാം പഴയത് പോലെ തന്നെയായിരിക്കും. എന്നാല്‍ ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ടി അടക്കമുള്ള എല്ലാ അസോസിയേറ്റ് ബാങ്കുകളിലെയും ഉപഭോക്താക്കളെ എസ്.ബി.ഐ ഉപഭോക്താക്കളായിട്ടായിരിക്കും കണക്കാക്കുകയെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചിട്ടുണ്ട്.

ബാങ്ക് ശാഖകള്‍
ലയനത്തിന് പിന്നാലെ ബാങ്ക് ശാകളൊന്നും ഉടന്‍ അടച്ചുപൂട്ടില്ല. എസ്.ബി.ടിക്കും എസ്.ബി.ഐക്കും ഒരേ സ്ഥലത്ത് ശാഖകളുള്ള സ്ഥലങ്ങളില്‍ ഇവയുടെ പേരിന് ചെറിയ മാറ്റം പിന്നീട് വരും. എന്നാല്‍ ഒരു എസ്.ബി.ടി ശാഖകളുടെയും ഇപ്പോഴത്തെ ഐ.എഫ്.എസ്.സി കോഡുകള്‍ക്ക് മാറ്റം വരില്ല. ഏപ്രില്‍ ഒന്ന് മുതല്‍ എസ്.ബി.ടിയുടെ മാനേജിങ് ഡയറക്ടര്‍, എസ്.ബി.ഐയുടെ ചീഫ് ജനറല്‍ മാനേജരായി മാറും. തിരുവനന്തപുരം പൂജപ്പുരയിലുള്ള എസ്.ബി.ടിയുടെ ആസ്ഥാന മന്ദിരം എസ്.ബി.ഐ കേരള സര്‍ക്കിള്‍ ആസ്ഥാനമാകും. 

പാസ്ബുക്ക്
എസ്.ബി.ടി ഉപയോക്താക്കള്‍ക്ക് ഇപ്പോഴത്തെ പാസ്ബുക്ക് തന്നെ അടുത്ത മൂന്ന് മാസത്തേക്ക് ഉപയോഗിക്കാം. ജൂണിന് മുമ്പ് നിങ്ങള്‍ക്ക് ബാങ്കില്‍ നിന്ന് പുതിയ പാസ്ബുക്കുകള്‍ നല്‍കും.

എ.ടി.എം കാര്‍ഡ്
ഇപ്പോള്‍ തന്നെ ബാങ്കു് ഓഫ് ഇന്ത്യയുടെയും അസോസിയേറ്റ് ബാങ്കുകളുടെയും എ.ടി.എം കാര്‍ഡുകള്‍ ഒരേ പോലുള്ളതാണ്. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പില്‍ പെട്ട ഏത് എ.ടി.എമ്മിലും ഇവ അധിക ചാര്‍ജ്ജ് നല്‍കാതെ ഉപയോഗിക്കുകയും ചെയ്യാം. ഇനിയും ഇത് അങ്ങനെ തന്നെ തുടരും. എസ്.ബി.ടി ശാഖകളില്‍ നിന്നുള്ള അക്കൗണ്ടിനൊപ്പം നിങ്ങള്‍ക്ക് കിട്ടിയ എ.ടി.എം കാര്‍ഡുകള്‍ തുടര്‍ന്നും തടസ്സങ്ങളില്ലാതെ ഉപയോഗിക്കാം. കാര്‍ഡുകള്‍ ഭാവിയില്‍ മാറ്റി നല്‍കാന്‍ സാധ്യതയുണ്ടെങ്കിലും ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങളൊന്നും ഇതുവരെ എസ്.ബി.ഐ നല്‍കിയിട്ടില്ല. പി.ഒ.എസ് പര്‍ച്ചേസുകള്‍ക്കും (കാര്‍ഡ് സ്വൈപിങ്) എസ്.ബി.ടിയുടെ കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ തടസ്സമുണ്ടാവില്ല.

ചെക്ക് ബുക്ക്
എസ്.ബി.ടി നല്‍കിയ ചെക്ക് ബുക്കുകളും മൂന്ന് മാസത്തേക്ക് ഉപയോഗിക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പണത്തിന് പകരമായി എസ്.ബി.ടിയുടെ ചെക്കുകള്‍ എവിടെ നിന്നെങ്കിലും ലഭിച്ചവരും ആശങ്കപ്പെടേണ്ടതില്ല. നിങ്ങള്‍ക്ക് അത് എസ്.ബി.ഐ ശാഖയില്‍ നിന്ന് മൂന്ന് മാസത്തിനുള്ളില്‍ പണമാക്കാന്‍ കഴിയും. ലയന നടപടികള്‍ പൂര്‍ത്തിയാകുന്നതോടെ എസ്.ബി.ടിയുടെ ചെക്ക് ബുക്കുകള്‍ എസ്.ബി.ഐ മാറ്റി നല്‍കും. അതിനുള്ള അറിയിപ്പുകള്‍ ബാങ്കുകളില്‍ നിന്ന് ലഭിക്കും

ഇന്റര്‍നെറ്റ് ബാങ്കിങ്
അസോസിയേറ്റ് ബാങ്കകളുടെ ഇന്റര്‍നെറ്റ് ബാങ്കിങ് ഇടപാടുകള്‍ ഏപ്രില്‍ ഒന്നുമുതല്‍ എസ്.ബി.ഐയുടെ നെറ്റ് ബാങ്കിങ് സൈറ്റ് വഴിയാണ് നടത്തേണ്ടത്. www.onlinesbi.com എന്നാണ് എസ്.ബി.ഐ നെറ്റ് ബാങ്കിങ് സൈറ്റിന്റെ അഡ്രസ്. വ്യത്യസ്ത സൈറ്റുകളില്‍ ആയിരുന്നെങ്കിലും നേരത്തെ തന്നെ ഒരേ പ്ലാറ്റ്ഫോം ഉപയോഗിച്ചിരുന്നതിനാല്‍ ഈ ബാങ്കുകളൊന്നും ഒരേ യൂസര്‍നെയിം ഉപയോഗിച്ച് ഒന്നിലധികം ഉപഭോക്താക്കളെ രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിച്ചിട്ടില്ല. അതുകൊണ്ടുതന്നെ വെബ്സൈറ്റ് മാറും എന്നല്ലാതെ മറ്റ് തടസ്സങ്ങളൊന്നും ഉണ്ടാവില്ല. എസ്.ബി.ഐയുടെയും എസ്.ബി.ടെയും നെറ്റ് ബാങ്കിങ് സൈറ്റുകള്‍ ഒരേ തരത്തിലുള്ളത് തന്നെയാണ്. അതുകൊണ്ടുതന്നെ ഉപയോക്താക്കള്‍ക്കും പ്രയാസമുണ്ടാവില്ല.

ഇ-കൊമേഴ്സ് ഇടപാടുകള്‍
നെറ്റ് ബാങ്കിങ് സൈറ്റുകള്‍ മാറുമെങ്കിലും ഇ-കൊമേഴ്സ് ഇടപാടുകള്‍ നടത്തുമ്പോള്‍ പഴയ ബാങ്കിന്റെ പേര് തന്നെയാണ്  തെരഞ്ഞെടുക്കേണ്ടത്. ഉദാഹരണമായി ഇന്റര്‍നെറ്റ് വഴി സാധനങ്ങള്‍ വാങ്ങുമ്പോള്‍ ഓണ്‍ലൈനായി പണം നല്‍കാനുള്ള അവസരത്തില്‍ ഇപ്പോള്‍ എസ്.ബി.ടി അക്കൗണ്ട് ഉള്ളവര്‍ ലയനശേഷവും എസ്.ബി.ടി തന്നെയാണ് തെരഞ്ഞെടുക്കേണ്ടത്. എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് പഴയത് പോലെ എസ്.ബി.ഐ തെരഞ്ഞെടുക്കാം. ബന്ധപ്പെട്ട പേയ്മെന്റ് ഗേറ്റ്‍വേകളില്‍ പഴയ പേരില്‍ തന്നെയായിരിക്കും ബാങ്കുകള്‍ അറിയപ്പെടുക എന്ന് അര്‍ത്ഥം. ഇനിയൊരു അറിയിപ്പ് ലഭിക്കുന്നത് വരെ ഇത് അങ്ങനെ തന്നെ തുടരുമെന്നാണ് എസ്.ബി.ഐ അറിയിക്കുന്നത്. ഇത് സംബന്ധിച്ച് ഉപയോക്താക്കള്‍ക്ക് എസ്.എം.എസ് സന്ദേശങ്ങള്‍ ബാങ്ക് അയ്ക്കുന്നുണ്ട്.

മൊബൈല്‍ ബാങ്കിങ്
എസ്.ബി.ഐയുടെ മൊബൈല്‍ ബാങ്കിങ് അപ്ലിക്കേഷന്‍ തന്നെയാണ് എസ്.ബി.ടിയും ഉപയോഗിക്കുന്നത് എന്നതിനാല്‍ ഇതിന് ഒരു മാറ്റവും വരില്ല.

Follow Us:
Download App:
  • android
  • ios