ബിസിനസ് സംരഭകര്‍ക്ക് തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെടാന്‍ എളുപ്പത്തില്‍ സൗകര്യമുണ്ടാക്കുകയാണ് പുതിയ പ്ലാറ്റ്ഫോമിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കാതെയായിരിക്കും ഇത്തരം സന്ദേശങ്ങള്‍ എത്തിക്കുകയെന്നും വാട്സ്ആപ് വ്യക്തമാക്കിയിട്ടുണ്ട്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും ഒപ്പം സമയം ചിലവഴിക്കുന്നതിനൊപ്പം തന്നെ തൊട്ടടുത്ത കടയില്‍ നിന്ന് സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്യാനും വാട്സ്ആപ് സൗകര്യമൊരുക്കുമെന്നാണ് കമ്പനിയുടെ വാഗ്ദാനം. ഡോക്ടര്‍മാര്‍ക്ക് രോഗികളുമായി ബന്ധപ്പെടാന്‍ പോലും ഇത് ഉപയോഗിക്കാന്‍ കഴിയുമെന്നും പറയുന്നു. വൈവിദ്ധ്യമായ ഉപയോഗ സാധ്യതകള്‍ വാഗ്ദാനം ചെയ്യുന്ന ഈ ആപ് പ്ലാറ്റ്ഫോം വഴി പണം കൊയ്യാന്‍ തന്നെയാണ് വാട്സ്ആപിന്റെ നീക്കം.
എന്നാല്‍ പുതിയ മാറ്റം വരുമ്പോള്‍ ഉപയോക്താവിന്റെ സ്വകാര്യതക്ക് എത്രത്തോളം വില നല്‍കുമെന്നതും കണ്ടറിയണം. പരസ്യം പോലുള്ള ഒരു ശല്യവുമില്ലാത്തത് കൊണ്ടുകൂടിയാണ് മറ്റ് നിരവധി ഇന്‍സ്റ്റന്റ് മെസഞ്ചറുകളുണ്ടായിട്ടും അവയെല്ലാം അകറ്റി നിര്‍ത്തി വാട്സ്ആപിനെ ജനങ്ങളിലേക്ക് അടുപ്പിക്കുന്നത്.
